കാണാതായ വ്യോമസേനാ വിമാനത്തിനായി തിരച്ചില്‍ ഊര്‍ജ്ജിതം

By Web DeskFirst Published Jul 24, 2016, 9:32 AM IST
Highlights

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ 29 സൈനികരുമായി കാണാതായ വ്യോമസേനാ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. എന്നാല്‍ ഇതുവരെ വിമാനത്തെക്കുറിച്ച് ഒരു സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. അതിനിടയില്‍ കടലില്‍ നിന്നും ലഭിച്ച അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്‍റെ അല്ലെന്ന് സ്ഥിരീകരിച്ചു. മോശം കാലാവസ്ഥ മൂലം നിര്‍ത്തിവച്ചിരുന്ന വ്യോമ മാര്‍ഗമുള്ള തിരിച്ചില്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കാനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന ഭാഗത്തു രണ്ടു മണിക്കൂറോളം ആകാശ നിരീക്ഷണം നടത്തി. താംബരം വ്യോമതാവളത്തിലെത്തിയ പരീക്കര്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നാവിക, തീരസംരക്ഷണ സേനകളുടെ 18 കപ്പലുകള്‍, എട്ടു വിമാനങ്ങള്‍, ഒരു മുങ്ങിക്കപ്പല്‍ എന്നിവയാണു തെരച്ചില്‍ നടത്തുന്നത്. 

ചെന്നൈ തീരത്തു നിന്ന് 280 കിലോമീറ്റര്‍ കിഴക്കു മാറിയുള്ള മേഖല കേന്ദ്രീകരിച്ച് 555 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്. റെഡാറുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോള്‍ വിമാനം ഉണ്ടായിരുന്നതായി കണക്കാക്കുന്ന ഏകദേശ സ്ഥലമാണിത്. 

വെള്ളിയാഴ്ച രാവിലെ 8.30ന് താംബരം വ്യോമതാവളത്തില്‍ നിന്നു പോര്‍ട്ട് ബ്ലെയറിലേക്കു പുറപ്പെട്ട എഎന്‍ 32 വിമാനമാണു ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കാണാതായത്. രണ്ടു മലയാളികളുള്‍പ്പെടെ 29 പേരാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനം കടലില്‍ വീണിരിക്കാമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. കനത്ത മേഘങ്ങള്‍ രൂപപ്പെട്ടതോടെയാണ് ആകാശമാര്‍ഗമുള്ള തിരച്ചില്‍ തടസ്സപ്പെട്ടത്. നിരീക്ഷണം നടത്തിയിരുന്ന വിമാനങ്ങള്‍ താംബരം വ്യോമതാവളത്തിലേക്കു മടങ്ങുകയും ചെയ്തു. 
 

click me!