
ദില്ലി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി ഇന്ത്യയും ഏറെ ആകാംഷയിലാണ്. അതിർത്തി കടന്നുള്ള മിന്നലാക്രമണത്തിന് ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയ അമേരിക്കൻ നയത്തിൽ പുതിയ പ്രസിഡന്റ് വന്നാലും മാറ്റമുണ്ടാവില്ലെന്നാണ് നരേന്ദ്രമോദി സർക്കാരിന്റെ പ്രതീക്ഷ. റിപ്പബ്ലിക്കൻ പ്രസിഡന്റുമാരാണ് ഇന്ത്യയോട് കുടൂതൽ അടുപ്പം കാട്ടിയിട്ടുള്ളത് എന്നാണ് പരമ്പരാഗത നയതന്ത്ര തത്വം. എന്നാൽ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പ്രത്യേക താല്‍പര്യമെടുത്ത ക്ലിന്റൺ കുടുംബത്തിലെ ഒരംഗമായ ഹില്ലരി ക്ലിന്റനാണഅ ഇത്തവണ ഡെമോക്രാറ്റ് സ്ഥാനാർത്ഥി.
നരേന്ദ്ര മോദി തന്റെ ആദ്യ അമേരിക്കൻ സന്ദർശനത്തിൽ തന്നെ ക്ലിന്റൺ കുടുംബത്തെ കണ്ടത് ഭാവി കൂടി മനസ്സിൽ വച്ചായിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് ഇസ്ലാമിക ഭീകരവാദത്തിനെതിരെ എടുക്കുന്ന കടുത്ത നിലപാട് കേന്ദ്രസർക്കാർ സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ട്രംപിന്റ ഭരണനയം ഇതു തന്നെയാവുമോ എന്ന് വ്യക്തമല്ല. പാകിസ്ഥാനെ നയതന്ത്ര തലത്തിൽ ഒറ്റപ്പെടുത്തുന്ന നയത്തിന് ഇന്ത്യ പുതിയ പ്രസിഡന്റിൽ നിന്ന് പിന്തുണ ആഗ്രഹിക്കുന്നു.
ആര് പ്രസിഡന്റായാലും ഭീകരകേന്ദ്രങ്ങളെ അതിർത്തി കടന്നും ആക്രമിക്കാം എന്ന അമേരിക്കൻ നയം തുടരുമെന്നുതന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ദാവൂദ് ഉൾപ്പടെയുള്ളവർക്കെതിരെ പാകിസ്ഥാനിൽ കടന്നാണെങ്കിൽ പോലും നീക്കം നടത്തണം എന്ന നിര്‍ദ്ദേശം ഉയരുമ്പോൾ അമേരിക്ക പിന്തുണയ്ക്കുമോ എന്ന ചോദ്യവും ഉയരുന്നു.
ആര് പ്രസിഡന്റായാലും സൈനിക സഹകരണത്തിലേക്ക് നീങ്ങി കഴിഞ്ഞ ഇന്ത്യ അമേരിക്ക ബന്ധത്തിൽ ഒരു പൊളിച്ചെഴുത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വത്തിന് ശക്തമായ പിന്തുണയും ഐക്യരാഷ്ട്രസഭയിലെ പരിഷ്ക്കരണ നടപടികൾക്ക് തുടക്കവും പുതിയ പ്രസിഡന്റിന്റെ കാലഘട്ടത്തിൽ ഇന്ത്യ പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam