
സ്വീഡന്‍: ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയതായി സ്റ്റോക്ക്ഹോം ഇന്‍ര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ (എസ്.ഐ.പി.ആര്‍.ഐ) പഠന റിപ്പോര്‍ട്ട്. സ്വീഡനില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഐ.പി.ആര്‍.ഐ ആയുധ നിര്‍മ്മാണ കൈമാറ്റത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനമാണ്. 2013 മുതല്‍ 2017വരെ നടന്ന ആയുധക്കരാറുകളാണ് പഠനവിധേയമാക്കിയത്. ഈ കാലത്ത് ലോകത്ത് മൊത്തം നടന്ന ആയുധ ഇറക്കുമതികളില്‍ 12 ശതമാനവും നടത്തിയിരിക്കുന്നത് ഇന്ത്യയാണ്.
ഇന്ത്യ ഏറ്റവും ആയുധങ്ങള്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. ഇറക്കുമതി ചെയ്യുന്നതിന്‍റെ 62 ശതമാനം വരുമിത്. 2008-12 വര്‍ഷത്തെക്കാള്‍ 2013-17 ആയപ്പോഴേക്കും ഇന്ത്യയുടെ ഇറക്കുമതി വര്‍ധിച്ചത് 24 ശതമാനമാണ്. നമ്മുടെ അയല്‍ക്കാരായ പാകിസ്ഥാന്‍റെ ആയുധ ഇറക്കുമതി പക്ഷേ മുന്‍ കാലഘട്ടത്തെക്കാള്‍ 2013-17 ല്‍ 36 ശതമാനമായി കുറയുകയാണ് ചെയ്തത്. 2008-12 ല്‍ പാകിസ്ഥാന് ആയുധം നല്‍കുന്ന രാജ്യങ്ങളില്‍ മുന്നില്‍ നിന്നത് യു.എസ്. ആയിരുന്നെങ്കില്‍ 2013-17 ആയപ്പോള്‍ ആ സ്ഥാനം ചൈന സ്വന്തമാക്കിയത് പാകിസ്ഥാന്‍റെ വൈദേശിക നയത്തില്‍ വരുന്ന വലിയ മാറ്റത്തിന്‍റെ സൂചനയാണ്.
ഇന്ത്യക്ക് ആയുധം വില്‍ക്കുന്ന രണ്ടാമത്തെ വലിയ രാജ്യമായി യു.എസ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയ്ക്ക് മാറിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ - യു.എസ്. ആയുധ കൈമാറ്റത്തിലെ വളര്‍ച്ചനിരക്ക് ഞെട്ടിക്കുന്നതാണ്. മുന്‍ കാലത്തെക്കാള്‍ 557 ശതമാനം വളര്‍ച്ച!. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ അഞ്ചാം സഥാനമുളള ചൈന, ആയുധ കയറ്റുമതിയുടെ കാര്യത്തിലും ഇതേ അഞ്ചാം സ്ഥാന കൈവരിച്ച് റിപ്പോര്‍ട്ടിലെ താരമായി. ചൈനയുടെ ആഭ്യന്തര ആയുധ ഉല്‍പ്പാദനം വിപ്ലവകരമായി വര്‍ദ്ധിക്കുന്നതിന്‍റെ സൂചനകള്‍ നല്‍കുന്നു. സ്റ്റോക്ക്ഹോം റിപ്പോര്‍ട്ട് ഇന്ത്യയുടെ പ്രതിരോധരംഗത്ത് നമ്മള്‍ പുലര്‍ത്തേണ്ട ജാഗ്രത വലുതാണെന്ന് വിശദീകരിക്കുന്നതാണ്.
യു.എസ്., റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ചൈന എന്നിവയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍. ഇന്ത്യ, സൗദി അറേബ്യ, ഈജിപ്റ്റ്, യു.എ.ഇ., ചൈന എന്നിവരാണ് ആയുധ ഇറക്കുമതിയില്‍ മുന്നില്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam