ഡൽഹിയിൽ നിന്ന് അടുത്തിടെ ബെംഗളൂരുവിലേക്ക് താമസം മാറിയ സിമൃതി മഖിജ എന്ന യുവതി, ഇന്ത്യയുടെ തലസ്ഥാനം ബംഗളൂരുവിലേക്ക് മാറ്റണമെന്ന് നിർദ്ദേശിക്കുന്ന വീഡിയോ പങ്കുവെച്ചു.  

ബെംഗളൂരു: ഇന്ത്യയുടെ ദേശീയ തലസ്ഥാനം ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് പറയുന്ന ഡൽഹി സ്വദേശിനിയുടെ വീഡിയോ. രണ്ട് മാസം മുൻപ് ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് താമസം മാറിയ സിമൃതി മഖിജയാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ നിർദ്ദേശം മുന്നോട്ടുവെച്ചത്. വായു മലിനീകരണം, സ്ത്രീസുരക്ഷ, നഗരസൗകര്യങ്ങൾ എന്നിവ മുൻനിർത്തി സിമൃതി പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

ഡൽഹിയിലെ വായുനിലവാരം അതീവ ഗുരുതരമാണെന്നും അവിടെ കഴിയുന്നത് ഒരു 'ഗ്യാസ് ചേംബറിനുള്ളിൽ' കഴിയുന്നതിന് തുല്യമാണെന്നും സിമൃതി പറയുന്നു. മലിനമായ വായു ശ്വസിക്കുന്നത് ദൈനംദിന ജീവിതം ദുസ്സഹമാക്കുന്നുവെന്നും യുവതി പറയുന്നു. ബെംഗളൂരുവിൽ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ അനുഭവപ്പെടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. രാത്രി 10 മണിക്ക് ഒറ്റയ്ക്ക് നടന്നുപോകാൻ പോലും ബെംഗളൂരുവിൽ തനിക്ക് ഭയമില്ലെന്നും ഡൽഹിയിൽ ഇത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും സിമൃതി കൂട്ടിച്ചേർത്തു. കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ റോഡുകളും പൊതുയിടങ്ങളും ബെംഗളൂരുവിലുണ്ട്. വിദേശ വിനോദസഞ്ചാരികൾ ഇന്ത്യയിലെത്തുമ്പോൾ മലിനീകരണവും തിരക്കും നിറഞ്ഞ ഡൽഹിക്ക് പകരം മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുള്ള ബെംഗളൂരു കാണുന്നതാണ് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് നല്ലതെന്നും അവര്‍ പറയുന്നു.

സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് വാദം

സിമൃതിയുടെ വീഡിയോയ്ക്ക് പിന്നാലെ ഇന്റർനെറ്റിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഡൽഹിയിലെ മലിനീകരണത്തിലും സുരക്ഷാപ്രശ്നങ്ങളിലും പൊറുതിമുട്ടിയവർ സിമൃതിയുടെ വാദങ്ങളെ ശരിവയ്ക്കുന്നു. എന്നാൽ ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്, കുടിവെള്ള ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ എന്നിവ ചൂണ്ടിക്കാട്ടിയാണ് പലരും ഇതിനെ എതിർത്തത്. ഒരു നഗരത്തെ തലസ്ഥാനമാക്കുന്നത് വെറും ജീവിതസൗകര്യങ്ങൾ മാത്രം നോക്കിയല്ലെന്നും അതിന് പിന്നിൽ രാഷ്ട്രീയവും ചരിത്രപരവുമായ ഒട്ടനവധി കാരണങ്ങളുണ്ടെന്നും ചിലർ ഓർമ്മിപ്പിച്ചു. എന്തായാലും, ഒരു നഗരം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും ജനങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും നൽകേണ്ട മുൻഗണനയെക്കുറിച്ചും പുതിയൊരു ചർച്ചയ്ക്ക് ഈ വീഡിയോ തുടക്കമിട്ടിരിക്കുകയാണ്.

View post on Instagram