ദേവാസ്-ആന്‍ട്രിക്‌സ് ഇടപാട് റദ്ദാക്കിയത് നീതിപൂര്‍വ്വമല്ലെന്ന് അന്താരാഷ്‌ട്രകോടതി

By Web DeskFirst Published Jul 26, 2016, 7:08 AM IST
Highlights

ദില്ലി: ദേവാസ് ആന്‍ട്രിക്‌സ് ഇടപാട് റദ്ദാക്കിയത് നീതിപൂര്‍വ്വമല്ലെന്ന് അന്താരാഷ്‌ട്രകോടതി. ഐഎസ്ആര്‍ഒയില്‍ നിന്ന് 100 കോടി ഡോളര്‍ വരെ പിഴ ഇടാക്കാമെന്നും ഹേഗിലെ അന്താരാഷ്‌ട്രകോടതി വ്യക്തമാക്കി. കരാര്‍ റദ്ദാക്കിയ നടപടി നീതി പൂ‍ര്‍വ്വമല്ലെന്നും ദേവാസ് മള്‍ട്ടിമീഡിയക്ക് കോടികളുടെ നഷ്‌ടമുണ്ടായെന്നും കോടതി വ്യക്തമാക്കി. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ ആന്‍ട്രിക്‌സ്- ദേവാസ് ഇടപാടിലാണ് ഐഎസ്ആര്‍ഒക്ക് ഹേഗിലെ അന്താരാഷ്‌ട്രകോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്.

രണ്ട് ഐസ്ആര്‍ഒ ഉപഗ്രഹങ്ങളുടെ ട്രാന്‍സ്‌പോണ്ടറുകള്‍ക്കൊപ്പം പന്ത്രണ്ട് വര്‍ഷത്തെക്ക് എഴുപത് ശതമാനം എസ് ബാന്‍ഡ് അനുവദിക്കുന്ന ഇടപാടില്‍ അന്ന് ഐഎസ്ആര്‍ഒയും ആന്‍ട്രിക്‌സും അനാവശ്യ തിടുക്കം കാട്ടിയെന്ന് സിഎജി വിലയിരുത്തിയിരുന്നു. ഇടപാടിലൂടെ 576 കോടി രൂപയുടെ നഷ്‌ടം കേന്ദ്രത്തിന് ഉണ്ടായി എന്നുമായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് 2011ല്‍ കേന്ദ്രമന്ത്രിസഭ കരാര്‍ റദ്ദാക്കിയത്.ഐഎസ്ആര്‍ഒ മേധാവിയായിരുന്ന ജി മാധവന്‍നായരാണ് കരാറില്‍ ഒപ്പുവച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാത്തിതിരെ ദേവാസ് ഹേഗിലെ അന്താരാഷ്‌ട്രകോടതി സമീപിക്കുകയായിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തെത്തുടര്‍ന്ന് മാധവന്‍ നായരെയും മറ്റ് മൂന്ന് ശാസ്‌ത്രജ്ഞരേയും എല്ലാ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്നും അന്നത്തെ യുപിഎ സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിരുന്നു. ഇടപാടിനെക്കുറിച്ച് സിബിഐയുടേയും ആദായനികുതി വകുപ്പിന്റെയും അന്വേഷണം പുരോഗമിക്കുവെയാണ് അന്താരാഷ്‌ട്രകോടതിയുടെ ഉത്തരവ് വന്നരിക്കുന്നത്

click me!