യുദ്ധംചെയ്യാന്‍ ആഗ്രഹമില്ലെന്ന് പ്രധാനമന്ത്രി

By Web DeskFirst Published Oct 2, 2016, 1:04 PM IST
Highlights

അതിര്‍ത്തിയില്‍ അതീവ ജാഗ്രത
ഇന്ത്യയുടെ മിന്നലാക്രമണത്തിന് പാകിസ്ഥാന്‍ തിരിച്ചടിക്ക് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരുകയാണ്. ഒരു ലക്ഷം പേരെ ഇതിനകം ഒഴിപ്പിച്ചു. വ്യോമസനയും എന്തും നേരിടാനുള്ള തയ്യാറെടുപ്പിലാണ്. കറാച്ചിയിലും ലാഹോറിലും 33000 അടിക്ക് താഴെ വിമാനങ്ങള്‍ പറക്കുന്നതിന് പാകിസ്ഥാന്‍ നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യവും ഇന്ത്യ നിരീക്ഷിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് മധ്യേഷ്യയിലേക്ക് പോകുന്ന വിമാനങ്ങളെ ഈ നിയന്ത്രണം ബാധിക്കും. 

സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് മോദി 
ദില്ലിയില്‍ പ്രവാസി ഭാരതീയ കേന്ദ്രത്തിന്റ ഉത്ഘാടന ചടങ്ങില്‍ ഇന്ത്യാ പാകിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ച് നേരിട്ടുള്ള പരാമര്‍ശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായില്ല. ഒന്നാം ലോകമഹായുദ്ധത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഒന്നരലക്ഷം ഇന്ത്യന്‍ സൈനികരാണ് മരിച്ചതെന്ന് മോദി പറഞ്ഞു. മറ്റൊരു രാജ്യത്തിന്റെ മണ്ണ് പിടിച്ചെടുക്കാന്‍ ആഗ്രഹമില്ലാത്ത രാജ്യമാണ് ഇന്ത്യ എന്ന് വ്യക്തമാക്കി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് മോദി സൂചന നല്കി.

ഇന്ത്യന്‍ സൈനികനെ വിട്ടുകിട്ടാന്‍ നീക്കം
പാക് സൈന്യത്തിന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടുകിട്ടാന്‍ നീക്കം തുടങ്ങിയെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പരീക്കര്‍ ആവശ്യപ്പെട്ടു. ബ്രഹ്മപുത്രയുടെ ഒരു ഉപനദി ചൈന ഡാം നിര്‍മ്മാണത്തിനായി തടഞ്ഞ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ഇന്ത്യയെ ബാധിക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും പാകിസ്ഥാന്‍-ചൈനാ ബന്ധം ശക്തിപ്പെടുന്നതിന്റെ സൂചനയാണോ ഇതെന്ന് നിരീക്ഷിക്കും. 

പാക് അധീന കശ്മീരില്‍ പ്രതിഷേധം
നവാസ് ഷെരീഫിന്റെ തെറ്റായ നയം കാരണമാണ് പാകിസ്ഥാന്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടതെന്ന് മുന്‍പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് കുറ്റപ്പെടുത്തി. പാക് അധീന കശ്മീരില്‍ പട്ടാളത്തിന്റെ അക്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. 

പാക് സൈന്യത്തിന്റ നീക്കങ്ങള്‍ 
ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന മിന്നലാക്രമണത്തിന് അപ്പുറമുള്ള നീക്കമൊന്നും ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി തന്നെ സൂചന നല്കുന്നുണ്ടെങ്കിലും പാക് സൈന്യത്തിന്റ ഇപ്പോഴത്തെ നീക്കങ്ങള്‍ സംശയാസ്പദമാണ് എന്നാണ്  കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍

click me!