ദില്ലി: റോഹിങ്ക്യൻ അഭയാർഥികളെ സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര സർക്കാർ തിങ്കളാഴ്ച സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയിലേക്കു പലായനം ചെയ്തെത്തിയ റോഹിങ്ക്യൻ അഭയാർഥികളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൂടുതൽ ഉത്തരം നൽകാരെ രാജ്നാഥ് സിംഗ് ഒഴിഞ്ഞുമാറി. എന്നാൽ, സർക്കാർ സെപ്റ്റംബർ 18ന് ഈ വിഷയത്തിൽ സത്യവാങ്മൂലം നൽകും എന്നു മാത്രം അദ്ദേഹം ആവർത്തിച്ചു.
റോഹിങ്ക്യൻ അഭയാർഥികൾ രാജ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാൽ, ഇത്തരത്തിൽ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. ഇതിനു പിന്നാലെയാണ് സെപ്റ്റംബർ 18ന് വിഷയത്തിൽ സത്യവാങ്മൂലം നൽകുമെന്ന് രാജ്നാഥ് വ്യക്തമാക്കിയിരിക്കുന്നത്.