മോദിയ്ക്ക് പാക്കിസ്ഥാനില്‍പോയി കല്യാണം കൂടാം; ഇന്ത്യ-പാക് ക്രിക്കറ്റ് പാടില്ലെ: ശശി തരൂര്‍

By News deskFirst Published Nov 26, 2017, 9:21 PM IST
Highlights

ദില്ലി: ഇന്ത്യ പാകിസ്ഥാന്‍ മല്‍സരങ്ങള്‍ വെറും ക്രിക്കറ്റ്  മല്‍സരം മാത്രമല്ലെന്നും അതിനൊരു രാഷ്ട്രീയമുഖം കൂടിയുണ്ടെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി പ്രതികരിച്ചതിന് പിന്നാലെ ഇന്ത്യാ പാക് മത്സരമെന്ന ആവശ്യമവുമായി മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ രംഗത്ത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാക്കിസ്ഥാനില്‍ നടക്കുന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ക്രിക്കറ്റ് കളിച്ചു കൂടെ എന്ന് തരൂര്‍ ചോദിച്ചു. ഇന്ത്യയില്‍ ക്രിക്കറ്റിനെ രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപി സര്‍ക്കാര്‍ പാക് സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യന്‍ നയതന്ത്ര പതിനിധികള്‍ അവരെ കാണുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി പാക് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. പ്രധാനമന്ത്രി ലാഹോറിലെത്തി വിവാഹ സല്‍ക്കാരത്തിലും ജന്മദിനാഘോഷത്തിലുമെല്ലാം പങ്കെടുക്കുന്നുണ്ട്. ഇതെല്ലാം സംഭവിക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിന് ക്രിക്കറ്റ് മാത്രം നിഷേധിക്കണം; തരൂര്‍ ചോദിച്ചു. 

ഇന്ത്യ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുക തന്നെ വേണം.കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം നല്ല രീതിയിലല്ല മുന്നോട്ട്  പോകുന്നത്. ഇതിനാല്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ ബന്ധമുണ്ടാകണമെന്നും തരൂര്‍ പറഞ്ഞു. 

ബിസിസിഐയ്ക്ക് അതിന്‍റേതായ രീതികളുണ്ടെന്നും  വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മത്സരിക്കാന്‍  തീരുമാനിച്ച ആറ് രാജ്യങ്ങളില്‍നിന്ന് പാക്കിസ്ഥാനെ മാറ്റി നിര്‍ത്തുമെന്നുമുള്ള പ്രസ്താവന വന്നതിനിടയിലാണ് തരൂരിന്‍റെ അഭിപ്രായ പ്രകടനം.

click me!