
ദില്ലി: ഇനി പോലീസിനെ വിളിക്കാനും ഫയര്‍ഫോഴ്സിനെ വിളിക്കാനും ആംബുലന്‍സ് വിളിക്കാനും ദുരന്ത നിവാരണത്തിനുമെല്ലാം വ്യത്യസ്ത ഫോണ്‍ നമ്പറുകള്‍ ഓര്‍ത്തുവെയ്ക്കേണ്ട. എല്ലാ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കാനും ഒറ്റ നമ്പര്‍ മതി. 112 എന്ന നമ്പറില്‍ വിളിച്ചാല്‍ ഈ മൂന്ന് സേവനങ്ങളും ലഭ്യമാകും. അടുത്തവര്‍ഷം ജനുവരിമുതല്‍ പുതിയ സേവനം ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
അടിയന്തര സേവനങ്ങള്‍ക്ക് ഒറ്റ നമ്പര്‍ എന്ന ആശയത്തിന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഔട്ട് ഗോയിംഗ് സൗകര്യമില്ലാത്ത മൊബൈല്‍, ലാന്‍ഡ് ഫോണിലും ഈ സേവനം ലഭ്യമാകും. നിലലവില്‍ പോലീസ്(100), ഫയര്‍ ഫോഴ്സ്(101), ആംബുലന്‍സ്(102), ദുരന്തനിവാരണം(108) എന്നിവയ്ക്കായി വ്യത്യസ്ത ഫോണ്‍ നമ്പറുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. പുതിയ സംവിധാനം നടപ്പിലാവുന്നതോടെ പഴയ നമ്പറുകളെല്ലാം ഇല്ലാതാവും. 112ല്‍ വിളിക്കുന്ന എല്ലാ വിളികളും അതാത് വകുപ്പുകളിലേക്ക് കൈമാറണമെന്ന നിര്‍ദേശം ടെലികോം കമ്പനികള്‍ക്കും കേന്ദ്രം നല്‍കിയിട്ടുണ്ട്.
എസ് എം എസ് വഴിയും ആശയവിനിമയം സാധ്യമാവുമെന്നാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. എസ് എം എസ് അയച്ചാല്‍ അത് ഏത് സ്ഥലത്തുനിന്നാണെന്ന് സ്ഥിരികീരിച്ചശേഷം അവിടുത്ത ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ജനുവരി ഒന്നുമുതല്‍ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും പാനിക് ബട്ടണ്‍(അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന്) നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതുവവഴിയും 112ലേക്ക് വിളിക്കാനാവും. 2018 മുതല്‍ ഇന്‍ബില്‍ട്ട് നാവിഗേഷന്‍ സംവിധാനം എല്ലാ ഫോണുകളിലും നിര്‍ബന്ധമാക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.
അടിയന്തര ഫോണ്‍ വിളികള്‍ കൈകാര്യം ചെയ്യുന്നതിന് കോള്‍ സെന്റര്‍ മാതൃകയില്‍ സംവിധാനം ഒരുക്കും. അമേരിക്കയില്‍ 911 എന്ന നമ്പറിലാണ് എല്ലാ അടിയന്തര സേവനങ്ങളും ലഭ്യമാക്കുന്നത്. ഇതേ മാതൃക പിന്തുടരാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam