മോദി യുഎഇയില്‍; രാജ്യാന്തര ഉച്ചകോടിയില്‍ അഭിസംബോധന ചെയ്യും

By Web DeskFirst Published Feb 11, 2018, 6:56 AM IST
Highlights

അബുദാബി: യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് വിവിധ പരിപാടികള്‍. അബുദാബിയിലെ യുദ്ധസ്മാരകമായ വാഹത് അല്‍കരാമയില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ദുബായിലെത്തുന്ന അദ്ദേഹം ഒപേറ ഹൗസില്‍ രണ്ടായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. 

ഇവിടെ നിന്ന് അബുദാബിയിലെ ആദ്യ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം ടെലി കോണ്‍ഫറന്‍സിലൂടെ മോദി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30ന് മദീനത്ത് ജുമൈറയില്‍ നടക്കുന്ന ദുബായി രാജ്യാന്തര ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി 26 രാഷ്ട്രതലവന്മാരെ അഭിസംബോധന ചെയ്യും. ഇത്തവണത്തെ ഉച്ചകോടിയില്‍ ഇന്ത്യ മുഖ്യാതിഥിയാണ്. 

ശാസ്ത്ര സാങ്കേതിക സാമ്പത്തിക മേഖലകളിലടക്കമുള്ള മുന്നേറ്റവും വിവിധ മേഖലകളിലെ പരിജ്ഞാനവും കണക്കിലെടുത്താണ് ഇന്ത്യയ്ക്കുള്ള അത്യപൂര്‍വ അംഗീകാരം. ഉച്ചകോടിക്ക് ശേഷം ദുബായി ഭരണാധികാരി ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.  ഊര്‍ജസുരക്ഷ, അടിസ്ഥാന വികസന സൗകര്യം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാവും ഇന്നത്തെ പ്രധാന കൂടിക്കാഴ്ചകള്‍. 

യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രാദേശിക സമയം വൈകിട്ട് മൂന്നുമണിക്ക് പ്രധാനമന്ത്രി ഒമാനിലേക്ക് യാത്രതിരിക്കും. വൈകിട്ട് ആറിന് ബോഷര്‍ സുല്‍ത്താന്‍ ഖാബൂസ്, സ്പോര്‍ട്സ് സമുച്ചയത്തില്‍ രാജ്യത്തെ ഇരുപത്തിഅയ്യായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കും.

click me!