പാകിസ്ഥാന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കി

By Web DeskFirst Published Nov 23, 2016, 6:21 AM IST
Highlights

ഇന്നലെയാണ് ജമ്മുകശ്മീരിലെ മച്ചില്‍ മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം മൂന്ന് ബിഎസ്എഫ് ജവാന്മാരെ വധിക്കും ജോധ്പൂര്‍ സ്വദേശിയായ ജവാന്‍ പ്രഭുസിംഗിന്റെ മൃതദേഹം തലയറുത്ത് വികൃതമാക്കുകയും ചെയ്തത്. ഇതിന് പിന്നാലെ ഇന്നും പൂഞ്ച്, ബിംബര്‍ഗാലി, കൃഷ്ണഗാട്ടി, നൗഷേര മേഖലയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇതിന് ശേഷമാണ് പൂഞ്ച്, റജൗരി, കെല്‍, മാച്ചില്‍ മേഖലയിലാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ പോസ്റ്റുകള്‍ക്കുനേരെ മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയത്.

എന്നാല്‍ മാച്ചിലില്‍ ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയിട്ടില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കരിയ്യ ട്വീറ്റ് ചെയ്തു. പാകിസ്ഥാനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇന്ത്യന്‍ സൈന്യം ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത്. പാക് സൈന്യം ഹീനമായി പ്രവര്‍ത്തിക്കില്ല. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ തുടര്‍ച്ചയായി ലംഘിക്കുന്നു. കശ്മീരിലെ അതിക്രമങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇന്ത്യ ജനവാസ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതെന്നും നഫീസ് സക്കരിയ്യ ട്വീറ്റ് ചെയ്തു.

ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്നാരോപിച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിംഗിനെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 29ല്‍ ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തിന് ശേഷം 18 ഇന്ത്യന്‍ സൈനികരാണ് പാകിസ്ഥാന്റെ വെടിവയ്പ്പില്‍ മരിച്ചത്.

click me!