അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരന്‍ മരിച്ചു

By Web DeskFirst Published May 19, 2017, 6:41 AM IST
Highlights

ഇമിഗ്രേഷന്‍ രേഖകളില്ലാത്തതിന് അമേരിക്കയിലെ അറ്റ്‍ലാന്റ വിമാനത്താവളത്തില്‍ കസ്റ്റംസ് എന്‍ഫോഴ്‌സ്മെന്‍റ് അധികൃതര്‍ തടഞ്ഞുവച്ച ഇന്ത്യന്‍ പൗരന്‍ മരിച്ചു. 58കാരനായ അതുല്‍കുമാര്‍ ബാബുഭായി പട്ടേല്‍ ആണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് അധികൃതരുടെ വിശദീകരണം. അമേരിക്കയുടെ ഇമിഗ്രേഷന്‍ ആന്‍റ് കസ്റ്റംസ് എന്‍ഫോഴ്‌സ്മെന്‍റ് അധികൃതരുടെ കസ്റ്റഡിയില്‍ ഈ വര്‍ഷം മരിക്കുന്ന ആറാമത്തെ ആളാണ് ബാബുഭായി പട്ടേല്‍. 

മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് ഇമിഗ്രേഷന്‍ ആന്‍റ് കസ്റ്റംസ് എന്‍ഫോഴ്‌സ്മെന്‍റ് അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇക്വഡോര്‍ വഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ യു.എസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്ദ്യോഗസ്ഥരാണ് ആദ്യം കസ്റ്റഡിയിലെടുത്തതെന്നും പിന്നീട് അറ്റ്‍ലാന്റ സിറ്റി ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നുവെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഇവിടെവെച്ച് മെഡിക്കല്‍ പരിശോധന നടത്തിയെങ്കിലും ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വിശദീകരണമുണ്ട്. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം ഇയാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന സംശയം ഒരു നഴ്സിന് ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

click me!