വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് നാവികസേന മടങ്ങി

Published : Aug 19, 2018, 09:29 PM ISTUpdated : Sep 10, 2018, 01:44 AM IST
വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് നാവികസേന മടങ്ങി

Synopsis

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 174 സൈനികരാണ് ജില്ലയിലെത്തിയത്. ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്നുള്ള 25 നാവികര്‍ മഴക്ക് ശമനമുണ്ടായ ആദ്യഘട്ടത്തില്‍ തിരിച്ചുപോയിരുന്നു

കല്‍പ്പറ്റ: ജില്ലയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി നാവികസേനയുടെ പത്തംഗ സംഘം കൊച്ചിയിലെ ബേസ് ക്യാംപിലേക്ക് മടങ്ങി. ഇവരെ ആവശ്യാനുസരണം സംസ്ഥാനത്തെ ഇതര ജില്ലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും. ദേശീയ ദുരന്ത നിവാരണ സേന ( എന്‍.ഡി.ആര്‍.എഫ്) യില്‍ നിന്നുള്ള 25 പേരും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതിനെ  തുടര്‍ന്ന് ജില്ലയില്‍ നിന്ന് പിന്‍വാങ്ങി.

ഇവര്‍ പത്തനംത്തിട്ട ജില്ലയിലെ ദുരിതാശ്വാസ പവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. 45 പേരാണ് എന്‍.ഡി.ആര്‍.എഫില്‍ നിന്നും ജില്ലക്കായി എത്തിയിരുന്നത്.   ശേഷിക്കുന്ന 20 പേര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാംപുകളിലെ ഇടപെടലുകള്‍ക്കുമായി ജില്ലയിലുണ്ട്. കണ്ണൂര്‍ ഡി.എസ്.സിയില്‍ നിന്ന് ലെഫ്. കമാന്‍ഡര്‍ അരുണ്‍ പ്രകാശിന്റെ നേതൃത്വത്തില്‍ 84 സൈനികരും ജില്ലയില്‍ തങ്ങുകയാണ്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 174 സൈനികരാണ് ജില്ലയിലെത്തിയത്. ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്നുള്ള 25 നാവികര്‍ മഴക്ക് ശമനമുണ്ടായ ആദ്യഘട്ടത്തില്‍ തിരിച്ചുപോയിരുന്നു. അതേ സമയം ഒരാഴ്ചയായി തുടരുന്ന കനത്ത മഴക്ക് ശമനമായി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ശരാശരി 27.6 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ മാനന്തവാടി താലക്കിലാണ്. 38 മില്ലിമീറ്റര്‍. വൈത്തിരിയില്‍ 29ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 15.8ഉം മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഈ മണ്‍സൂണില്‍ ഇതുവരെ 3275.73 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ബാണാസുരസാഗര്‍ ഡാം റിസര്‍വോയറില്‍ 774.60 എം.എസ്.എല്ലും, കാരാപ്പുഴയില്‍ 758.2 എംഎസ്എല്ലും ജലനിരപ്പ് രേഖപ്പെടുത്തി.

ഡാം ഷട്ടറുകളിലൂടെ മിതമായ അളവിലാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. നിലവില്‍ ജില്ലയില്‍ 202 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 8102 കുടുംബങ്ങളില്‍ നിന്നായി 28,861 പേര്‍ ഇവിടങ്ങളില്‍ കഴിയുന്നു. 18 ക്യാമ്പുകള്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ആദിവാസി കുടുംബങ്ങളടക്കം 1325 പേര്‍ വീടുകളിലേക്ക് മടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ