ആദ്യ ഭര്‍ത്താവിന്‍റെ അമ്പുകൊണ്ടുള്ള ആക്രമണത്തില്‍ ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ ലണ്ടനില്‍ മരിച്ചു; കുഞ്ഞിനെ രക്ഷിച്ചു

By Web TeamFirst Published Nov 14, 2018, 10:33 AM IST
Highlights

മണിക്കൂറുകളോളം ജീവന് വേണ്ടി പോരാടിയെങ്കിലും ഇന്ത്യന്‍ വംശജയായ ദേവി ഉണ്മതല്ലെഗാഡു ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗര്‍ഭസ്ഥശിശുവിന്‍റെ ജീവനും അപകടത്തിലായിരുന്നെങ്കിലും സങ്കീര്‍ണമായ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു

ലണ്ടൻ: ലണ്ടനെ തന്നെ നടുക്കുകയാണ് ദേവി ഉണ്മതല്ലെഗാഡുവിന്‍റെ മരണവാര്‍ത്ത. കഴിഞ്ഞ ദിവസം ആദ്യ ഭര്‍ത്താവായ രാമണോഡ്ഗെ ഉണ്മതല്ലെഗാഡുവാണ് ദേവിയെ അമ്പും വില്ലും കൊണ്ട് ആക്രമിച്ചത്. ഇയാളുടെ ആക്രമണത്തില്‍ ഗര്‍ഭിണയായ ദേവിയുടെ വയറിനാണ് പരിക്കേറ്റത്.

മണിക്കൂറുകളോളം ജീവന് വേണ്ടി പോരാടിയെങ്കിലും ഇന്ത്യന്‍ വംശജയായ ദേവി ഉണ്മതല്ലെഗാഡു ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗര്‍ഭസ്ഥശിശുവിന്‍റെ ജീവനും അപകടത്തിലായിരുന്നെങ്കിലും സങ്കീര്‍ണമായ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.

കിഴക്കൻ ലണ്ടനിലെ ഇൽഫോർഡ് മേഖലയിലെ വീട്ടില്‍ വച്ചായിരുന്നു ഇവര്‍ ആക്രമിക്കപ്പെട്ടത്. പ്രതിയായ ആദ്യ ഭര്‍ത്താവിനെ സ്കോട്ട്‌ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

വിവാഹ മോചിതയായ ദേവി ഉണ്മതല്ലെഗാഡു കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംതിയാസ് മുഹമ്മദെന്നയാളെ വിവാഹം കഴിച്ചിരുന്നു. ഇതിന് ശേഷം മതം മാറി സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചിരുന്നു. ആദ്യ ഭര്‍ത്താവില്‍ മൂന്ന് മക്കളുള്ള ഇവര്‍ക്ക് രണ്ടാം ഭര്‍ത്താവില്‍ രണ്ട് മക്കളുണ്ട്. ഇംതിയാസില്‍ നിന്നുളള മൂന്നാമത്തെ കുട്ടിയെ പ്രസവിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ആദ്യ ഭര്‍ത്താവില്‍ നിന്ന് ആക്രമണമുണ്ടായത്. എന്താണ് ആക്രണത്തിനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല.

click me!