
ദില്ലി: വര്‍ഷങ്ങള്‍ നീണ്ട ബോധവല്‍ക്കരണങ്ങള്‍ക്കൊടുവിലും ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് ആണ്‍കുട്ടികളോടുള്ള അമിത താത്പര്യം വര്‍ദ്ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഇന്ന് പാര്‍ലമെന്റിന് മുന്നില്‍ വച്ച 2017-2018 വര്‍ഷത്തിലെ സാമ്പത്തിക സര്‍വേയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. ആണ്‍കുട്ടികള്‍ ഉണ്ടാകുന്നത് വരെ ഇന്ത്യയിലെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് തുടരുമെന്നും മുഖ്യ സാമ്പത്തിക ഉപദേശകന്‍ അരവിന്ദ് സുബ്രമണ്യന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളോടുള്ള ആദരസൂചകമായി പിങ്ക് നിറത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആണ്‍മക്കളുള്ള കുടുംബങ്ങള്‍ പിന്നീട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ മുതിരാറില്ല. എന്നാല്‍ പെണ്‍മക്കളുള്ള കുടുംബത്തില്‍ ഈ പ്രവണത കുറവാണ്. തങ്ങള്‍ക്ക് ആവശ്യമുള്ള ആണ്‍മക്കള്‍ ജനിക്കും വരെ ഈ കുടുംബങ്ങള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിക്കൊണ്ടിരിക്കുമെന്നും കേന്ദ്ര ബഡ്ജറ്റിന് മുന്നോടിയായി അവതരിപ്പിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി ജന്മം കൊണ്ട 2.1 കോടി പെണ്‍കുട്ടികള്‍ ഇന്ത്യയില്‍ ജീവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ജനന ശേഷം പെണ്‍കുട്ടികള്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും മെച്ചപ്പെട്ട സ്ഥാനങ്ങളില്‍ എത്തുന്നുണ്ടെങ്കിലും, സമൂഹത്തിലെ ഒരു വിഭാഗം ഇപ്പോഴും അവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇത്രയും പെണ്‍കുട്ടികള്‍ ജനിക്കേണ്ട എന്നാണ് സമൂഹത്തിന്റെ കാഴ്ചപ്പാടെന്നും സര്‍വേ പറയുന്നു.
എന്നാല്‍ രാജ്യത്തെ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടുവെന്നും സര്‍വേ വ്യക്തമാക്കുന്നു. പത്ത് വര്‍ഷം മുമ്പ് ആരോഗ്യ കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിയുമായിരുന്ന സ്ത്രീകള്‍ 62 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 74.5 ശതമാനമായി വര്‍ദ്ധിച്ചു. മാനസികമായോ ശാരീരികമായോ പീഡനത്തിന് വിധേയരാകാത്ത സ്ത്രീകളുടെ എണ്ണം ഇക്കാലയളവില്‍ 63ല്‍ നിന്നും 71 ശതമാനമായി വര്‍ദ്ധിച്ചതായും സര്‍വേയില്‍ കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam