തീവണ്ടികളുടെ വൈകിയോട്ടം രണ്ടുമാസത്തിനകം പരിഹരിക്കുമെന്ന് റെയിൽവേ

By Web DeskFirst Published Jan 9, 2018, 11:44 PM IST
Highlights

കോഴിക്കോട്: പാലക്കാട് ഡിവിഷന് കീഴില്‍ തീവണ്ടികള്‍ വൈകിയോടുന്ന പ്രശ്നത്തിന് രണ്ട് മാസത്തിനകം പരിഹാരമാകുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ കുല്‍ശ്രേഷ്ഠ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി പാളത്തില്‍ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് തീവണ്ടികള്‍ വൈകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.കോഴിക്കോട് റെയില്‍വേ സ്റ്റേഷന് രണ്ട് എസ്കലേറ്ററുകള്‍ കൂടി അനുവദിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചതായി ജനറല്‍ മാനേജരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം എം.കെ രാഘവന്‍ എം.പി അറിയിച്ചു.

ട്രാക്കുകളുടെ പരിമിതിയാണ് പാലക്കാട്- മംഗലാപുരം റൂട്ടില്‍ കൂടുതല്‍ തീവണ്ടി അനുവദിക്കാന്‍ തടസ്സമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ പറഞ്ഞു. മെമു സര്‍വ്വീസുകള്‍ പരിഗണനയിലാണ്. സ്റ്റേഷനുകള്‍ നവീകരിക്കുന്നത് പുരോഗമിക്കുകയാണ്. സുരക്ഷക്ക് ഊന്നല്‍ നല്‍കിയാണ് വികസനമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് മുതല്‍ കോഴിക്കോട് വരെയുള്ള റെയില്‍വേ സ്റ്റേഷനുകള്‍ ജനറല്‍ മാനേജര്‍ സന്ദര്‍ശിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍റെ നാലാം പ്ലാറ്റ്ഫോമില്‍ റെസ്റ്റോറന്‍റിന് അനുമതി കിട്ടിയിട്ടുണ്ട്. ചേരന്‍, മത്സ്യഗന്ധി എക്സപ്രസുകള്‍ മലബാറിലേക്ക് നീട്ടുന്ന കാര്യവും റെയില്‍വേയുടെ സജീവ പരിഗണനയിലാണ്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച ചികിത്സ സഹായ കേന്ദ്രം എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമയം തന്നെ രണ്ട് പേര്‍ അസുഖത്തെ തുടര്‍ന്ന് ഇവിടെ ചികിത്സ തേടി. ഇവരിലൊരാളെ പ്രാഥമിക പരിശോധകള്‍ക്ക് ശേഷം നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റി.

click me!