സംഭവത്തിൽ പ്രതിഷേധങ്ങൾക്ക് പിന്നാലെ, ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ മുഖം രക്ഷിക്കാൻ ആരോഗ്യവകുപ്പ് ശ്രമം. സംഭവത്തിൽ പ്രതിഷേധങ്ങൾക്ക് പിന്നാലെ, ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന പറഞ്ഞു. ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ പ്രതികരിച്ചു. സംഭവം അന്വേഷിക്കാൻ മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘം ഇന്ന് ജില്ലാ ആശുപത്രിയിലെത്തും.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസമാണ് പൂർണ ഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്‌മിറ്റാവാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ നിരഞ്ജനയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടർ പറഞ്ഞത്.

അതേസമയം, ബന്ധുക്കളുടെ പ്രതിഷേധത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഭാഗമായി. തുടർന്ന് സ്ഥലത്തെത്തിയ ആർഡിഒ ജയകുമാർ, ആരോപണം വിശദമായി അന്വേഷിക്കുമെന്ന് ഉറപ്പുനൽകി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിൻ്റെ നേതൃത്വത്തിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്.

YouTube video player