പ്രതീക്ഷകളുടെ പാളം തെറ്റിച്ച് റെയില്‍വെയുടെ പുതിയ സമയവിവര പട്ടിക

By വത്സന്‍ രാമംകുളത്ത്First Published Nov 3, 2017, 6:26 PM IST
Highlights

തൃശൂര്‍: പ്രതീക്ഷകളുടെ പാളം തെറ്റിച്ച് റെയില്‍വെയുടെ പുതിയ സമയ വിവര പട്ടിക. രാജ്യത്ത് അഞ്ഞൂറോളം ട്രെയിനുകളുടെ വേഗം വര്‍ദ്ധിപ്പിച്ച് യാത്രാസമയത്തില്‍ ഗണ്യമായ കുറവ് വരുത്തിയെന്ന് അവകാശപ്പെടുന്ന കേന്ദ്ര റെയില്‍വെ മന്ത്രാലയവും ഇന്ത്യന്‍ റെയില്‍വെയും ഇക്കാര്യത്തിലും കേരളത്തെ അവഗണിച്ചു. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാക്കിയ ഷൊര്‍ണൂര്‍-മംഗലാപുരം റൂട്ടില്‍ പോലും പുതിയ സമയ ക്രമത്തിന്റെ ഗുണമില്ല. 

പേരിന് കിട്ടിയത് രണ്ട് ട്രെയിനുകളാണ്. ആഴ്ചയില്‍ രണ്ടുദിവസം സര്‍വീസുള്ള 16355/16356 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്സ്പ്രസും ഒരു ദിവസം മാത്രം സര്‍വീസുള്ള 19423/19424 തിരുനെല്‍വേലി -ഗാന്ധിഗ്രാം ഹംസഫര്‍ എക്സ്പ്രസുമാണ് കേരളത്തിനുള്ള പുതിയ ട്രെയിനുകള്‍. ഇതില്‍ അന്ത്യോദയ എക്സ്പ്രസ് ഓടി തുടങ്ങുന്ന തിയതി ഇനിയും പ്രഖ്യാപിച്ചിട്ടുമില്ല. ഇതിനാകട്ടെ,  റിസര്‍വേഷന്‍ ഇല്ലെന്നാണ് വിവരം.

പോരാത്തതിന് പൂര്‍ണ്ണമായും സാധാരണ രണ്ടാം ക്ലാസ് കോച്ചുകള്‍ മാത്രവും. ഹംസഫര്‍ എക്സ്പ്രസിന്റെ പ്രഖ്യാപനമാണെങ്കില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാഗമായി തടസപ്പെട്ടു. എറണാകുളം-പാലക്കാട് മെമു പുറപ്പെടുന്ന സമയം 20 മിനിറ്റ് വൈകിപ്പിച്ചു. ഇത് പാലക്കാട് ഭാഗത്തുനിന്ന് തൃശൂര്‍, എറണാകുളം ഭാഗത്തേക്ക് ജോലി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ഇത് ആശ്വാസമായി. 

തിരുവനന്തപുരം-പാലക്കാട് ടൗണ്‍ അമൃത എക്സ്പ്രസ് മധുര വരെ ദീര്‍ഘിപ്പിച്ചത് ചെറിയൊരാശ്വാസമാണ്. യാത്രക്കാരുടെ പ്രതീക്ഷ,അമൃത എക്സ്പ്രസും നിലമ്പൂര്‍ രാജറാണിയും രണ്ട് പ്രത്യേക വണ്ടികളാക്കി വിഭജിക്കുമെന്നായിരുന്നു. സര്‍വീസ് അസമയത്താക്കിയ 16526 നമ്പര്‍ ബംഗളുരു -കന്യാകുമാരി എക്സ്പ്രസിന് പകരം എറണാകുളത്തേക്ക് മറ്റൊരു ട്രെയിന്‍ ഓടിക്കണമെന്ന് ഷൊര്‍ണൂര്‍-തൃശൂര്‍ ഭാഗത്തെ യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ സമയ ക്രമപട്ടികയില്‍ ഇത് പരിഗണിക്കപ്പെട്ടില്ല. 

ബംഗളുരു എക്സ്പ്രസ് സര്‍വീസ് നേരത്തെയാക്കിയതിനാല്‍ ഷൊര്‍ണൂര്‍-തൃശൂര്‍-എറണാകുളം മേഖലയില്‍ തീവണ്ടിയാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നെന്ന് റെയില്‍വെ അധികൃതര്‍ തന്നെയാണ് നേരത്തെ കണ്ടെത്തിയത്. നിലവില്‍ രാവിലെ 7.10 ന് തൃശൂര്‍ വിടുന്ന ഗുരുവായൂര്‍-എറണാകുളം പാസഞ്ചറിന് ശേഷം 9.35 വരെ യാത്രക്കാര്‍ കാത്തുനില്‍ക്കണമെന്നതാണ് സ്ഥിതി. ജോലിക്കാരും വിദ്യാര്‍ത്ഥികളുമടങ്ങിയവരെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്.

എറണാകുളം-സേലം പ്രതിദിന ഇന്റര്‍സിറ്റിയും എറണാകുളം-രാമേശ്വരം പ്രതിദിന എക്സ്പ്രസും ആരംഭിക്കണമെന്ന ആവശ്യത്തിന് സമര വിവര പട്ടിക പ്രസിദ്ധീകരണ ഘട്ടത്തില്‍ പരിഹാരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. തിരുവനന്തപുരം ഡിവിഷന്‍ അധികാരികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ സമര്‍പ്പിച്ചെങ്കിലും നിഷ്‌കരുണം തള്ളി.

ആഴ്ചയില്‍ ഒരു ദിവസം സര്‍വീസ് നടത്തുന്ന 22837/22838 ഹാതിയ -എറണാകുളം എക്സ്പ്രസിന് രാജ്യത്തെ എ-വണ്‍ റെയില്‍വെ സ്റ്റേഷനുകളിലൊന്നായ തൃശൂരിലെ സ്റ്റോപ്പ് നിര്‍ത്തലാക്കി. ഇത് യാത്രക്കാര്‍ക്ക് കനത്ത നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. 2016ലെ സമയ വിവര പട്ടികയില്‍ ഉണ്ടായിരുന്ന സ്റ്റോപ്പാണ് ഇപ്പോള്‍ ഇല്ലാതാക്കിയത്. റിസര്‍വേഷന്‍ ഇല്ലായിരുന്നുവെന്നത് അത്ര പരാതിയുണ്ടാക്കിയിരുന്നില്ലെങ്കിലും സ്റ്റോപ്പ് ആശ്വാസമായിരുന്നു. സാങ്കേതിക പിഴവാണെന്ന മറുപടിയാണ് ലഭിച്ചതെങ്കിലും അന്തിമ പട്ടികയോടെ ആ പ്രതീക്ഷയും അസ്ഥാനത്തായി. 

റെയില്‍വെയില്‍ സംസ്ഥാനത്തെ ആഭ്യന്തര സര്‍വീസുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ വേണമെന്ന ആവശ്യത്തെ റെയില്‍വെ അവഗണിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ട്രെയിന്‍ യാത്രക്കാര്‍ നിരവധി പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിച്ച് നിവേദനങ്ങള്‍ കൈമാറിയതാണ്. ഒന്നിനും പുല്ലുവിലപോലും കല്പിച്ചില്ല. 16791/16792 പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസിന് അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി തുടങ്ങിയ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നിരുന്നു. 

എന്നാല്‍, പാലരുവി എക്സ്പ്രസ് എറണാകുളത്തും തൃശൂരും ദീര്‍ഘനേരം പിടിച്ചിട്ട് സമയം കളയുന്ന പതിവിലാണ് റെയില്‍വെ അധികൃതര്‍. പിടിച്ചിടല്‍ സമയം ക്രമീകരിക്കാന്‍ പ്രധാന ചെറു സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. കേരളത്തിലെ മെമു സര്‍വീസുകള്‍ പ്രതിദിനമെന്ന രീതിയിലാക്കണമെന്ന ആവശ്യത്തെയും അവഗണിച്ചു.

ഇടമണ്‍-ഗുരുവായൂര്‍ പാസഞ്ചറിന്റെ യാത്രാസമയം ഗണ്യമായി വര്‍ദ്ധിപ്പിച്ചത് യാത്രക്കാരോടുള്ള കൊടും ചതിയായി. ധന്‍ബാാദ്-ആലപ്പുഴ എക്സ്പ്രസിഡന്റെ ശനിദശ ഇനിയും തുടരുകയുമാണ്. എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസിന്റെ സമയ മാറ്റം തലതിരിഞ്ഞതായി. തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് കയറുന്നവരെയാണ് ഇത് പ്രയാസപ്പെടുത്തുക. പുതിയ സമയക്രമമനുസരിച്ച് അര്‍ദ്ധരാത്രി 12.05നാണ് കാരയക്കല്‍ എക്സ്പ്രസ് തൃശൂര്‍ വിടുന്നത്. അതിനാല്‍, വണ്ടിയില്‍ കയറേണ്ടവര്‍ തലേന്നുള്ള തിയതിയിലെ ടിക്കറ്റല്ലെന്ന് ഉറപ്പുവരുത്തണം. മുന്‍കൂട്ടി ബുക്കുചെയ്യുന്നവര്‍ അടുത്ത ദിവസത്തെ തിയതിയില്‍ ടിക്കറ്റ് തരപ്പെടുത്തേണ്ടിവരും. 
 

click me!