വ്യാജ സർവ്വകലാശാല വിസ; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എല്ലാം അറിയാമായിരുന്നെന്ന് യുഎസ്

By Web TeamFirst Published Feb 5, 2019, 2:10 PM IST
Highlights

നിലവിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവർക്ക് വീട് വിട്ട് പുറത്തേയ്ക്ക് പോകുന്നതിനോ മറ്റുള്ളവരുമായി ഇടപഴകുന്നതിനോ സാധിക്കില്ല. വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.

വാഷിങ്‍ൺ: വ്യാജ സർവ്വകലാശാല വിസയുമായി ബന്ധപ്പെട്ട് യുഎസിൽ അറസ്റ്റിലായ എല്ലാ വിദ്യാർത്ഥികൾക്കും അവർ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിവുണ്ടായിരുന്നുവെന്ന് യുഎസ്. രാജ്യത്തു തന്നെ തുടരുന്നതിന് വേണ്ടിയാണ് ഇവർ വ്യാജ സർവകലാശാലയിൽ പ്രവേശനം നേടിയത്. സർവ്വകലാശാല നിയമാനുസൃതമല്ല പ്രവർത്തിക്കുന്നതെന്ന് വിദ്യാർഥികൾക്ക് അറിയാമായിരുന്നുവെന്നും യുഎസ് ആഭ്യന്തര വിഭാഗം അറിയിച്ചു. 

കഴിഞ്ഞ ആഴ്ചയാണ് 129 ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കം 130പേരെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റുഡന്റ് വിസ തട്ടിപ്പ് നടത്തി യുഎസിൽ തുടരുന്നവരെ കണ്ടെത്തുന്നതിനു വേണ്ടി അമേരിക്കൻ ആഭ്യന്തര സുരക്ഷാ വിഭാഗം ആരംഭിച്ച 'വ്യാജ സർവകലാശാല'യിലെ വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി അമേരിക്കയിലിലേയ്ക്ക് കുടിയേറി താമസിക്കുന്നവരെ കണ്ടെത്തുന്നത് വേണ്ടി ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു ഡെട്രിയോട്ട്‌സ് ഫാമിങ്ടണ്‍ ഹില്‍സിലെ ഈ വ്യാജ സർവ്വകലാശാല.

വ്യാജ സർവ്വകലാശാല പ്രവേശനം നേടിയവരെ നാടുകടത്തും. വിദ്യാർത്ഥികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. നാടുകടത്തിയാൽ പിന്നെ വർഷങ്ങൾക്ക് ശേഷം മാത്രമേ ഇവർക്ക് യുഎസിലേയ്ക്ക് പ്രവേശനം ലഭിക്കുകയുള്ളു. അതേസമയം സർവ്വകലാശാല നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്ന് യുവാക്കള്‍ക്ക് അറിവില്ലായിരുന്നുവെന്ന് ഇമിഗ്രേഷന്‍ അറ്റോണി അവകാശപ്പെട്ടു. ഇന്ത്യന്‍ യുവാക്കളെ കുടുക്കാന്‍ ഇത്തരം നടപടികള്‍ ഉപയോഗിച്ചതിന് അധികൃതരെ അറ്റോണി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

നിലവിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവർക്ക് വീട് വിട്ട് പുറത്തേയ്ക്ക് പോകുന്നതിനോ മറ്റുള്ളവരുമായി ഇടപഴകുന്നതിനോ സാധിക്കില്ല. വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.129 വിദ്യാർത്ഥികൾ അറസ്റ്റിലായതിനു പിന്നാലെ യുഎസിലെ ഇന്ത്യൻ എംബസ്സി 24 മണിക്കൂർ ഹെൽപ്ലൈൻ തുറന്നിരുന്നു.

click me!