Latest Videos

കഴുതകളെ ചെെനയിലേക്ക് കയറ്റുമതി ചെയ്ത് കോടികള്‍ കൊയ്യാന്‍ പാക്കിസ്ഥാന്‍

By Web TeamFirst Published Feb 3, 2019, 4:58 PM IST
Highlights

പാക്കിസ്ഥാനില്‍ കഴുതകളെ വളര്‍ത്തുന്നതിന് ചെെനീസ് കമ്പനികള്‍ തയാറായി വന്നിട്ടുണ്ടെന്ന് പാക് ലിവ്സ്റ്റോക് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

ലാഹോര്‍: ലോകത്തില്‍ കഴുതകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍ അവയെ കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുന്നു. കഴുതകളെ ചെെനയിലേക്ക് കയറ്റുമതി ചെയ്യുന്നതിലൂടെ കോടികളുടെ വില്‍പനയാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴുതകള്‍ക്ക് വലിയ വില ലഭിക്കുന്ന രാജ്യമാണ് ചെെന. പരമ്പരാഗത മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നതിന് ചെെനയില്‍ കഴുതയുടെ തോല്‍ ഉപയോഗിക്കാറുണ്ട്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും രക്തത്തിന്‍റെ അളവ് കൂട്ടാനുമെല്ലാം ചെെനയില്‍ പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്ന മരുന്നുകളില്‍ വര്‍ഷങ്ങളായി കഴുതയുടെ തോലും ഉള്‍പ്പെടുത്താറുണ്ട്.

പാക്കിസ്ഥാനില്‍ 50 ലക്ഷത്തിലധികം കഴുതകളുണ്ടെന്നാണ് കണക്ക്. കഴുതകളുടെ ആകെയുള്ള എണ്ണത്തില്‍ പാക്കിസ്ഥാന്‍ മൂന്നാമത് നില്‍ക്കുമ്പോള്‍ ചെെനാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനില്‍ കഴുതകളെ വളര്‍ത്തുന്നതിന് ചെെനീസ് കമ്പനികള്‍ തയാറായി വന്നിട്ടുണ്ടെന്ന് പാക് ലിവ്സ്റ്റോക് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്‍റെ കയറ്റുമതി രംഗത്തെ വളര്‍ച്ചയും അതിലൂടെ കഴുത വളര്‍ത്തല്‍ മേഖലയിലെ പുരോഗതിയുമാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. കുറഞ്ഞത് രണ്ട് കഴുത ഫാമുകള്‍ പാക്കിസ്ഥാനില്‍ തുടങ്ങാനാണ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്. ആദ്യത്തെ മൂന്ന് വര്‍ഷം 80,000 കഴുതകളെ ചെെനയിലേക്ക് കയറ്റുമതി ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

click me!