പുനരുപയോഗിക്കാനുന്ന ഇന്ത്യയുടെ സ്പേസ്ഷട്ടിൽ വിക്ഷേപണം വിജയകരം

By Web DeskFirst Published May 23, 2016, 3:23 PM IST
Highlights

ഹൈദരാബാദ്: വീണ്ടും ഉപയോഗിക്കാവുന്ന ഇന്ത്യയുടെ സ്പേസ് ഷട്ടിലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 7 മണിക്കായിരുന്നു വിക്ഷേപണം.ബഹിരാകാശ ദൗത്യത്തിന് ശേഷം കത്തി നശിക്കാത്ത റോക്കറ്റ് എന്ന ചരിത്ര ചുവടുവയ്പ്പിലേക്കുള്ള ആദ്യ ഘട്ടമാണ് ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്. രാവിലെ ഏഴ് മണിയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. ഭ്രമണ പഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ച  ശേഷം തിരിച്ചെത്തുന്ന ലോഞ്ച് വെഹിക്കിള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കും.

ഏകദേശം ഇരുപത് മിനിറ്റ് സമയം മാത്രമാണ് ഇതിന് വേണ്ടി വരിക. പുനരുപയോഗിക്കാവുന്ന റോക്കറ്റിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ പലതവണ നടന്നിരുന്നെങ്കിലും ഇതൊന്നും വിജയത്തിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇത്തരത്തില്‍ നാസ ഉള്‍പ്പെടെ നടത്തിയ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു. ബഹിരാകാശ വിക്ഷേപണ ചെലവില്‍ ഗണ്യമായ കുറവു വരുത്താന്‍ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  

പൂര്‍ണ സജ്ജമായ റോക്കറ്റ് ലോഞ്ച് വെഹിക്കിളിനേക്കാള്‍ ആറ് മടങ്ങ് ചെറുതാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ച ആര്‍എല്‍‍വി ടിഡി. കാഴ്ചയില്‍ യുഎസ് സ്‌പേസ് ഷട്ടിലിനോട് സാമ്യമുള്ള വിമാന മാതൃകയിലുള്ള വാഹനത്തിന് ഒന്നര ടണ്ണിലേറെ ഭാരമുണ്ട്. എന്നാല്‍ അന്തിമമായി രൂപകല്‍പ്പന ചെയ്യുന്ന ആര്‍എല്‍വിക്ക് 32 മീറ്റര്‍നീളവും 72 ടണ്‍ ഭാരവുമുണ്ടാകും. പരീക്ഷണം വിജയിച്ചെങ്കിലും അന്തിമ സ്‌പേസ് ഷട്ടില്‍ സജ്ജമാകാന്‍ 15 വര്‍ഷത്തോളമെടുക്കുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍.

click me!