കമ്പനിയെ ഒരു 'പാഠം പഠിപ്പിക്കാന്‍' ഇന്റിഗോ ജീവനക്കാരന്റെ കടുംകൈ

By Web DeskFirst Published May 14, 2018, 10:17 AM IST
Highlights

പൂനെ വിമാനത്താവളത്തില്‍ ഇന്റിഗോയുടെ കസ്റ്റമര്‍ സര്‍വ്വീസ് ഓഫീസറായി ജോലി ചെയ്തിരുന്ന കാര്‍ത്തിക് മാധവ് ഭട്ടിലാണ് അന്വേഷണം അവസാനിച്ചത്.

ദില്ലി: സ്ഥാപന മേധാവികളെ 'പാഠം പഠിക്കാനായി' ഇന്‍ഡിഗോ ജീവനക്കാരന്റെ കടുംകൈ. മേയ് രണ്ടിന് ദില്ലി അന്താരാഷാട്ര വിമാനത്താവളത്തെ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തയ ബോംബ് ഭീഷണിക്ക് പിന്നില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ ജീവനക്കാരനായ കാര്‍ത്തിക് മാധവ് ഭട്ടാണെന്ന് പൊലീസ് കണ്ടെത്തി.

ഈ മാസം രണ്ടാ തീയ്യതി ഇന്റിഗോയുടെ ദില്ലി വിമാനത്താവളത്തിലെ ഓഫിസിലാണ് ഭീഷണി സന്ദേശമെത്തിയത്. മുംബൈയിലേക്ക് പോകുന്ന വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്റിഗോ വിമാനത്തിന് പുറമെ മുംബൈയിലേക്ക് പോകുന്ന മറ്റ് വിമാനങ്ങളും വിശദമായി പരിശോധിച്ചു. യാത്രക്കാരെയും ലഗേജുകളുമെല്ലാം പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. മണിക്കൂറികള്‍ക്ക് ശേഷം സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് സന്ദേശത്തിന്റെ ഉറവിടം തേടി ദില്ലി പൊലീസ് അന്വേഷണം തുടങ്ങിയത്.

നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൂനെയില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് സ്ഥിരീകരിച്ചു. പിന്നാലെ പ്രതിയെയും പിടികൂടി. പൂനെ വിമാനത്താവളത്തില്‍ ഇന്റിഗോയുടെ കസ്റ്റമര്‍ സര്‍വ്വീസ് ഓഫീസറായി ജോലി ചെയ്തിരുന്ന കാര്‍ത്തിക് മാധവ് ഭട്ടിലാണ് അന്വേഷണം അവസാനിച്ചത്. ജോലിയിലെ പ്രകടനം മോശമായതിനെ തുടര്‍ന്ന് സ്ഥാപന മേധാവികള്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വാക്കാന്‍ മുന്നിറിയിപ്പ് നല്‍കിയിരുന്നുവത്രെ. മൂന്ന് മാസത്തിനകം ജോലിയിലെ പ്രകടനം മെച്ചപ്പെടുത്തണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് കേട്ട് സമ്മര്‍ദ്ദത്തിലായ പ്രതി, കമ്പനിയെ ഒരു പാഠം പഠിപ്പിക്കാനായാണ് ഫോണ്‍ വിളിച്ച് വ്യാജ ബോംബ് സന്ദേശം നല്‍കിയത്. ഇയാള്‍ ഉപയോഗിച്ച സിം കാര്‍ഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് സസ്‍പെന്റ് ചെയ്തതായി ഇന്റിഗോ അറിയിച്ചു.

click me!