
ദില്ലി; ഇടക്കാലത്ത് ബന്ധത്തിലുണ്ടായ അകല്‍ച്ച മാറ്റി പ്രതിരോധരംഗത്തെ സൗഹൃദം ശക്തമാക്കാന്‍ ഇന്ത്യയും റഷ്യയും. ഇതിനായി ഇരുരാഷ്ട്രങ്ങളിലേയും ഉന്നതനേതാക്കള്‍ നയതന്ത്രസന്ദര്‍ശനങ്ങളും ചര്‍ച്ചകളും സജീവമാക്കിയിട്ടുണ്ട്.
ഈ മാസമാദ്യം ഇന്ത്യ-ചൈന-റഷ്യ ത്രികക്ഷിയോഗത്തില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ദില്ലിയിലെത്തുകയും ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി റൊഗോസിന്‍ ഇന്‍ഡോ-റഷ്യന്‍ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നാളെ ഇന്ത്യയിലെത്തുന്നുണ്ട്.
കൂടുതല്‍ മേഖലകളിലേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പ്രതിരോധരംഗത്തെ സഹകരത്തിന് തന്നെയാണ് കൂടുതല്‍ പ്രധാന്യം ലഭിക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൈനിക-സാങ്കേതികവിദ്യാ സഹകരണത്തില്‍ അവസാനവാക്ക് ഇന്‍ഡോ-റഷ്യന്‍ ഗവര്‍ണ്‍മെന്റല്‍ കമ്മീഷന്‍ ഓണ്‍ മിലിട്ടറി ടെക്‌നിക്കല്‍ കോര്‍പ്പറേഷനാണ്. റഷ്യന്‍ ഉപപ്രധാനമന്ത്രിയും ഇന്ത്യന്‍ പ്രതിരോധമന്ത്രിയും ചേര്‍ന്ന് നയിക്കുന്ന ചര്‍ച്ചകളില്‍ രണ്ട് വര്‍ക്കിംഗ് ഗ്രൂപ്പുകളും ഏഴ് സബ് ഗ്രൂപ്പുകളും സഹായത്തിനായുണ്ട്.
വ്യോമപ്രതിരോധ സംവിധാനമായ എസ്-400, വിവിധ യുദ്ധക്കപ്പലുകള്‍, കെ.എ.226ടി ഹെലികോപ്ടറുകളുടെ നിര്‍മ്മാണം തുടങ്ങിയവ സംബന്ധിച്ച് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചിരുന്നു. മൊത്തം 200 ഹെലികോപ്ടറുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി ഇതില്‍ 140 ഹെലികോപ്ടറുകള്‍ ഇന്ത്യയിലാവും നിര്‍മ്മിക്കുക.
അമേരിക്കയും ഇസ്രയേലും ഫ്രാന്‍സുമെല്ലാം ഇന്ത്യയുടെ പങ്കാളികളാണെങ്കിലും പ്രതിരോധരംഗത്ത് ഇന്ത്യയുടെ നിര്‍ണായക സുഹൃത്ത് റഷ്യയാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന 68 ശതമാനം ആയുധങ്ങളും റഷ്യയില്‍ നിന്നുമാണ്. അമേരിക്ക 14, ഇസ്രയേല്‍ 7.2 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ സംഭാവന.