ശബരിമല സംഘര്‍ഷം; നുഴഞ്ഞുകയറ്റക്കാരെന്ന് പി എസ് ശ്രീധരൻ പിള്ള

By Web TeamFirst Published Oct 18, 2018, 9:21 AM IST
Highlights

ശബരിമല വിഷയത്തില്‍ പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമത്തിന് പിന്നിൽ നുഴഞ്ഞുകയറിയവരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ബി ജെ പിയോ സംഘപരിവാർ പ്രസ്ഥാനങ്ങളോ അക്രമം നടത്തിയിട്ടില്ല. 

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമത്തിന് പിന്നിൽ നുഴഞ്ഞുകയറിയവരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ബി ജെ പിയോ സംഘപരിവാർ പ്രസ്ഥാനങ്ങളോ അക്രമം നടത്തിയിട്ടില്ല. സമരത്തിനിടയിൽ നുഴഞ്ഞുകയറിയവരാണ് അക്രമത്തിന് പിന്നില്‍ ശ്രീധരന്‍ പിള്ള പറ‍ഞ്ഞു.  മാധ്യമങ്ങളെ ആക്രമിക്കുന്നത് ശരിയല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

സന്നിധാനത്തേക്ക് റിപ്പോര്‍ട്ടിങ്ങിനായി പൊലീസ് അകമ്പടിയോടെ എത്തിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെയും സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാഹനെയും തെറിവിളികളോടെയാണ് വിശ്വാസികള്‍ തിരിച്ചയച്ചത്. ഇവര്‍ മരക്കൂട്ടം വരെയെത്തിയിരുന്നെങ്കിലും മരക്കൂട്ടത്ത് വച്ച് വിശ്വാസികളുടെ സംഘം ഇവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും തെറിവിളിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ സന്നിധാനത്തേക്ക് പോകാതെ പമ്പയിലേക്ക് തിരിച്ചിറങ്ങി. 

നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കമലേഷിനെ റിപ്പോര്‍ട്ടിങ്ങിനിടെ തടസപ്പെട്ടുത്തി. ന്യൂസ് 18 ന്‍റെ ക്യാമറ തല്ലിത്തകർത്തു. സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ടർ രാധിക രാമസ്വാമിയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു. രാധികയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കിയ പ്രതിഷേധക്കാർ വാഹനം അടിച്ചു തകർക്കുകയായിരുന്നു. 

ന്യൂസ് മിനിറ്റ് റിപ്പോർട്ടർ സരിത ബാലനെതിരെയും അതിക്രമം ഉണ്ടായി. ബസിൽ നിന്ന് സരിത ബാലനെ തള്ളി ഇറക്കി വിട്ടാതായാണ് റിപ്പോര്‍ട്ടുകള്‍. റിപ്പബ്ലിക് ചാനൽ റിപ്പോർട്ടർക്ക് നേരെയും ആക്രണം ഉണ്ടായി. ഇവരുടെ വാഹനവും തകർത്തു. ഇന്ത്യാടുഡേ വനിതാ റിപ്പോർട്ടർക്ക് നേരെ അവഹേളനവും മർദ്ദനവും ഉണ്ടായി. ആജ് തക്ക് ചാനലിന്റെ പ്രതിനിധിക്കും മർദ്ദനത്തിൽ പരിക്കേറ്റു. റിപ്പോർട്ടർ ടി വി റിപ്പോർട്ടർ പ്രജീഷിനു നേരെയും മർദ്ദനമുണ്ടായി. മാതൃഭൂമി ന്യൂസ് ക്യാമറമാൻമാർക്കെതിരെയും ആക്രമണം ഉണ്ടായിരുന്നു.

ഇന്നലെ രാവിലെ പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തല്‍ പ്രതിഷേധക്കാര്‍ ഇന്ന് പുനര്‍നിര്‍മിച്ചു. നിരവധി വാഹനങ്ങളും ബസുകളും വിശ്വാസികള്‍ അടിച്ചു തകര്‍ത്തു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. നിലയ്ക്കലും പമ്പയിലുമുണ്ടായ  അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇലവുങ്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ രണ്ടു ദിവസമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹാണ് ഉത്തരവിട്ടത്. 

click me!