റെയില്‍വേ സ്‌റ്റേഷനില്‍ കൊല്ലപ്പെട്ട ഐ ടി ജീവനക്കാരിയെ അജ്ഞാതന്‍ ശല്യം ചെയ്തിരുന്നതായി പിതാവ്

By Web DeskFirst Published Jun 28, 2016, 1:10 PM IST
Highlights

ചെന്നൈ: തമിഴ്‌നാട്ടിലെ നുങ്കമ്പാക്കത്ത് റെയില്‍വേസ്റ്റേഷനില്‍ വെട്ടേറ്റ് മരിച്ച ഐ ടി ജീവനക്കാരി സ്വാതിയെ അജ്ഞാതന്‍ ഒരു മാസത്തോളം പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നതായി അച്ഛന്‍ മൊഴി നല്‍കി. ഇതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

സ്വാതി കൊലക്കേസില്‍ അന്വേഷണം റെയില്‍വേ പൊലീസില്‍ നിന്ന് ഏറ്റെടുത്ത സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം സ്വാതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ഒരു മാസമായി  അജ്ഞാതനായ ഒരാള്‍ തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നതായി സ്വാതി പരാതിപ്പെട്ടിരുന്നുവെന്ന് അച്ഛന്‍ സന്താന ഗോപാലകൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കി.

 ഇതേത്തുടര്‍ന്ന് താന്‍ നേരിട്ടാണ് സ്വാതിയെ റെയില്‍വേസ്റ്റേഷന്‍ വരെയും അവിടെ നിന്ന് വീടു വരെയും അനുഗമിച്ചിരുന്നതെന്ന് അച്ഛന്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വാതി സ്ഥിരമായി യാത്ര ചെയ്തിരുന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതില്‍ നിന്ന് കൊലയാളിയെക്കുറിച്ചുള്ള തുമ്പ് ലഭിയ്ക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സ്വാതിയുടെ ഫേസ്ബുക്ക് അക്കൗണ്ടും പൊലീസ് പരിശോധിയ്ക്കുന്നുണ്ട്. അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് സ്വാതിയുടെ അച്ഛന്‍ പ്രതികരിച്ചു.

click me!