ആൻലിയയുടെ മരണം; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുടുംബം

By Web TeamFirst Published Jan 29, 2019, 6:55 AM IST
Highlights

കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 10 ദിവസം കഴിഞ്ഞിട്ടും കൊച്ചിയിലുള്ള ആൻലിയയുടെ പിതാവിൽ നിന്നോ കുടുംബത്തിൽ നിന്നോ ക്രൈംബ്രാഞ്ച് മൊഴിയെടുത്തില്ല

കൊച്ചി: ആൻലിയയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിതാവ് ഹൈജിനസ്. മരണത്തിൽ ആൻലിയയുടെ ഭർത്താവിന്‍റെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങളിലേക്ക് അന്വേഷണം നീളുന്നില്ലെന്നാണ് ആരോപണം.

കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 10 ദിവസം കഴിഞ്ഞിട്ടും കൊച്ചിയിലുള്ള ആൻലിയയുടെ പിതാവിൽ നിന്നോ കുടുംബത്തിൽ നിന്നോ ക്രൈംബ്രാഞ്ച് മൊഴിയെടുത്തില്ല. ആദ്യഘട്ടത്തിൽ തന്നെ മകളുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് വാർത്തകൾ വരുമ്പോൾ വലിയ ആശങ്കയിലാണ് കുടുംബം.

സമൂഹമാധ്യമങ്ങളിൽ ആൻലിയയെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകൾക്കും കമന്‍റുകൾക്കുമെതിരെ നിയമനടപടി ആലോചിക്കുകയാണ് കുടുംബം. ജസ്റ്റിന്‍റെ വീട്ടിലുള്ള കുഞ്ഞിന് തിരികെ കിട്ടാനും നടപടികളെടുക്കും. വിദേശത്തുള്ള മാതാപിതാക്കളെ വിഷമിക്കേണ്ടെന്ന് കരുതി പലതും ആൻലിയ മറച്ച് വെച്ചിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. 

കേസിൽ പ്രതിയായ ജസ്റ്റിൻ ഇപ്പോള്‍ വിയ്യൂർ സെൻട്രൽ ജയിലിലാണ്. കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ ഇത് വരെ ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പറയുന്നത്.

click me!