
ദില്ലി: മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിൽ നടത്തി വരുന്ന ചൈൽഡ് കെയർ ഹോമുകളിൽ പരിശോധന. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ ചൈൽഡ് കെയർ ഹോമിൽ നടന്ന അനധികൃത ദത്തെടുക്കലിനോട് അനുബന്ധിച്ചാണ് രാജ്യത്തെ എല്ലാ കെയർഹോമുകളും പരിശോധിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ രാജ്യത്തെ എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളും സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും കേന്ദ്ര ഗവൺമെന്റിന്റെ ദത്തെടുക്കൽ നിയമവുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേക ഗാന്ധി പറഞ്ഞു.
റാഞ്ചിയിലെ നിർമ്മൽ ഹൃദയ് എന്ന കെയർ ഹോമിൽ നിന്നും ഒരു കന്യാസ്ത്രീയെയും സഹായിയായ സ്ത്രീയെയും അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞുങ്ങളെ ദത്ത് നൽകുന്നെന്ന പേരിൽ വിറ്റതായിരുന്നു ഇവർക്കെതിരെയുള്ള കേസ്. എല്ലാ ശിശു പരിപാലന കേന്ദ്രങ്ങളും നിർബന്ധമായും സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. ജൂവനൈൽ ജസ്റ്റിക് ആക്റ്റ് പ്രകാരമാണിത്.
രണ്ട് വർഷം മുമ്പ് 2015 ലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. നിയമ സാധുതയില്ലാത്ത അനാഥാലയങ്ങളെ തടയാനാണ് ഈ നിയമം. കഴിഞ്ഞ വർഷം 2300 അനാഥാലയങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. എന്നാൽ നാലായിരത്തിലധികം അനാഥാലയങ്ങളും നിയമത്തിന്റെ പിൻബലമില്ലാതെയാണ് പ്രവർത്തിക്കുന്നത്. അംഗീകൃതവും അല്ലാത്തതുമായ അനാഥാലയങ്ങളിൽ രണ്ടര ലക്ഷത്തിലധികം കുഞ്ഞുങ്ങളാണുള്ളതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ കണക്കെടുപ്പിലൂടെ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam