കണ്ണൂര്‍ അണിഞ്ഞൊരുങ്ങുന്നു; വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം അന്താരാഷ്ട്ര നിലവാരത്തില്‍

By Web TeamFirst Published Nov 12, 2018, 8:27 AM IST
Highlights

ആദ്യദിവസം പുറപ്പെടുന്ന വിമാനം കണ്ണൂരിൽ നിന്ന് അബുദബിയിലേക്കും തിരിച്ചും പറന്നിറങ്ങും. റിയാദിലേക്കും അന്ന് വിമാനമുണ്ടാകും

മട്ടന്നൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം അന്താരാഷ്ട്ര നിലവാരത്തിലാക്കാൻ മട്ടന്നൂരിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേർന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തായിരിക്കും ഉദ്ഘാടനം. ടിക്കറ്റ് ബുക്കിങ് ഇന്നാരംഭിച്ചേക്കും.

ആദ്യദിവസം പുറപ്പെടുന്ന വിമാനം കണ്ണൂരിൽ നിന്ന് അബുദബിയിലേക്കും തിരിച്ചും പറന്നിറങ്ങും. റിയാദിലേക്കും അന്ന് വിമാനമുണ്ടാകും. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യ ദിവസം തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള സർവ്വീസ് തുടക്കവും ഉദ്ഘാടനവും ചേർന്ന് വരുന്നതിനാൽ പിഴവില്ലാത്ത ഒരുക്കങ്ങളാണ് നടക്കുന്നത്.

ഇതിനായി ജനകീയ കമ്മിറ്റിയും രൂപീകരിച്ചു. ഒരു ലക്ഷം പൊതുജനങ്ങൾ ഉദ്ഘാടനത്തിന് എത്തുമെന്നാണ് കണക്കുകൂട്ടൽ. ഇവർക്ക് പാസ് നൽകും. എയർപോർട്ടിനുള്ളിൽ തന്നെയാണ് ഉദ്ഘാടന വേദിയും സദസും സജ്ജീകരിക്കുക.

ഉദ്ഘാടന ദിവസം മട്ടന്നൂർ ടൗണിലും മറ്റും ഗതാഗത നിയന്ത്രണവുമുണ്ടാകും. വിളംബര ജാഥയടക്കം പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം ആഘോഷമാക്കാനാണ് ജനപ്രതിനിധികളുടെയും സംഘാടക സമിതിയുടെയും തീരുമാനം. 

click me!