നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ല

By Web DeskFirst Published Aug 15, 2017, 11:27 AM IST
Highlights

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ നശിപ്പിച്ചിട്ടില്ലെന്ന് പൊലീസ്. നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ പൊലീസ് തയ്യാറാക്കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കൃത്യത്തിന് ഉപയോഗിച്ച് ഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഇപ്പോഴും തുടരുകയാണെന്നും ഈ  ഫോൺ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴി വിശ്വസിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയെങ്കിലും ഇത് പകര്‍ത്തിയ ഫോണോ മെമ്മറി കാര്‍ഡോ പൊലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റ് ഫോണുകളിലേക്ക് കോപ്പി ചെയ്ത ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചത്. ഈ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്ത കാരണം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇത് എതിര്‍ത്താണ്, ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിക്കുന്നത്. അഭിഭാഷകരെ അറസ്റ്റ് ചെയ്തത് തെളിവ് മറച്ചുവെച്ചതിനാണെന്നും പൊലീസ് പറയുന്നു.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ക്ളീൻ ചിറ്റ് നൽകിയിട്ടില്ല. അപ്പുണ്ണിയ്ക്കെതിരായ അന്വേഷണം ഇപ്പോഴും അവസാനിച്ചിട്ടുമില്ല. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ പുറം ഗൂഡാലോചനയെക്കുറിച്ചുള്ള പ്രതിഭാഗം വാദം അന്വേഷണത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനാണെന്നും പൊലീസിന്റെ സത്യവാങ്മൂലം പറയുന്നു. വിശദമായ സത്യാവാങ്മൂലം ഹൈക്കോടതിയിൽ ഉടന്‍ സമർപ്പിക്കും.

click me!