
കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അടുത്ത കാലത്തായി സമൂഹമാധ്യമങ്ങളില്‍ സിപിഎം അനുകൂല നിലപാടുകള്‍ പ്രചരിപ്പിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ സിപിഎമ്മിന് അഭിവാന്ദ്യങ്ങള്‍ അര്‍പ്പിച്ച് നിലപാടുകള്‍ മുഖ്യപ്രതി ചേര്‍ത്തല സ്വദേശി മുഹമ്മദ് സ്വീകരിച്ചതായി പൊലീസ് വിശദമാക്കി. തീവ്രവാദ സ്വഭാവമുള്ളവര്‍ പാര്‍ട്ടിയുമായി അടുത്തു കൂടാനുള്ള സാഹചര്യമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. കത്വ സംഭവവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലിന്റെ ഉറവിടം തേടിയുള്ള പൊലീസ് അന്വേഷണത്തിലും ഇത്തരം സൂചനകള്‍ കണ്ടെത്തിയിരുന്നു.
അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തെ ക്യാംപസില്‍ കൊണ്ടുവന്നത് ഇതേ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ മുഹമ്മദാണെന്നാണ് സൂചന. ക്യാംപസ് ഫ്രന്‍റ് പ്രവര്‍ത്തകനായ ഇയാളുടെ നിലപാടുമാറ്റം പ്രവര്‍ത്തകര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നതായാണ് സൂചന. അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം മുഹമ്മദിന്റെ ഈ പോസ്റ്റ് അപ്രത്യക്ഷമാവുകയും ചെയ്തു. സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഈ അക്കൗണ്ടും അപ്രത്യക്ഷമായി.
ചുവരെഴുതുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നേരത്തെ പിടിയിലായ ആദില്‍ മൊഴി നല്‍കിയിരുന്നു. എന്തു വില കൊടുത്തും ചുവരെഴുതാനായിരുന്നു തീരുമാനം. എസ് എഫ് ഐ ക്ക് വഴങ്ങേണ്ടെന്ന് തീരുമാനിച്ചിരുന്നു. അടിച്ചാൽ തിരിച്ചടിക്കുമെന്നായിരുന്നു നിർദേശം അതിനാല്‍ പലരും കൈവശം ആയുധം കരുതിയിരുന്നുവെന്ന് ആദില്‍ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസിലെ ഗൂഡാലോചനയും ആസൂത്രണവും പുറത്ത് വരാന്‍ മുഹമ്മദിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam