ചേതൻ ഭഗത് കോൺഗ്രസിലേക്ക് ?

By Web DeskFirst Published Apr 1, 2018, 4:59 PM IST
Highlights
  • ചേതൻ ഭഗത് കോൺഗ്രസിലേക്കെന്ന് ട്വീറ്റ്

ദില്ലി: കോൺഗ്രസിൽ ചേരുമെന്ന് സൂചിപ്പിച്ച് പ്രസിദ്ധ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനായ ചേതൻ ഭഗതിന്‍റെ ട്വീറ്റ്.  അതേസമയം തന്‍റെ നോവലുകളിലെ പതിവ് ട്വിസ്റ്റും സസ്പെൻസും രാഷ്ട്രീയപ്രവേശ സൂചന നൽകുന്ന ട്വീറ്റിലും ചേതൻ ഭഗത് ആവർത്തിക്കുകയാണ്. ട്വീറ്റിനൊപ്പം കൂടുതൽ വിവരങ്ങൾക്ക് എന്നുകാട്ടി ഒരു ലിങ്കും ചേതൻ ഭഗത്  ചേർത്തിട്ടുണ്ട്. ലിങ്ക് നയിക്കുന്നതാകട്ടെ വിഡ്ഢി ദിനം എന്തെന്ന് വിശദീകരിക്കുന്ന വിക്കി പേജിലേക്കും.

ചേതന്‍ ഭഗതിന്‍റെ ട്വീറ്റ് ഇങ്ങനെ

"ഇനി ഇത് അംഗീകരിക്കാനാകില്ല, രാജ്യം നന്നാക്കേണ്ടതുണ്ട്. കോൺഗ്രസിൽ ചേരുന്നു. കർണ്ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനുവേണ്ടി പങ്കെടുക്കും. രാഹുൽ ഗാന്ധിയോടൊപ്പം നമുക്ക് കൂടുതൽ മികച്ച ഒരിന്ത്യയെ സൃഷ്ടിക്കാം. എന്ന സംബന്ധിച്ചിടത്തോളം വലിയൊരു നീക്കമാണിത്, എല്ലാവരുടേയും അനുഗ്രഹം വേണം."

കാര്യമായാണോ തമാശയായി ആണോ എഴുത്തുകാരന്‍റെ ട്വീറ്റ് എന്ന് ഇനിയും വ്യക്തമല്ല. കോൺഗ്രസിൽ ചേരുമെന്ന പ്രഖ്യാപനത്തെ എതിർത്ത് വരുന്ന  പ്രതികരണങ്ങളെ എതിർത്തും അനുകൂലിക്കുന്ന ട്വീറ്റുകൾക്ക് നന്ദി പറഞ്ഞും അദ്ദേഹം ട്വിറ്ററിൽ സജീവമാണ്. ട്വിറ്ററിൽ 12 മില്യൺ ഫോളോവർമാരുള്ള ചേതൻ ഭഗത് ഇന്ത്യയിലെ മധ്യവർഗ്ഗ യുവാക്കൾക്കിടയിൽ ഏറ്റവും സ്വാധീനശേഷിയുള്ള എഴുത്തുകാരിൽ ഒരാളാണ്.

ഫൈവ് പോയിന്‍റ് സംവൺ, വൺ നൈറ്റ് അറ്റ് ദ കോൾ സെന്‍റർ, ടു സ്റ്റേറ്റ്സ്, ഹാഫ് ഗേൾ ഫ്രണ്ട് തുടങ്ങിയ അദ്ദേഹത്തിന്‍റെ എല്ലാ നോവലുകളും ഇന്ത്യയിലും പുറത്തും വെസ്റ്റ് സെല്ലറുകൾ ആയിരുന്നു. അഴിമതിക്ക് എതിരായി ശക്തമായ ഭാഷയിൽ എഴുതിയ വാട് യംഗ് ഇന്ത്യ വാണ്ട്സ് എന്ന പുസ്തകത്തിൽ രാഷ്ട്രീയ സങ്കൽപ്പങ്ങളെക്കുറിച്ചുള്ള സൂചനകളും ചേതൻ ഭഗത് തന്നിരുന്നു.  ത്രീ ഇഡിയറ്റ്സ്, നൻബൻ, ഹലോ,  എന്നിവയടക്കം നിരവധി ബോളിവുഡ് ഹിറ്റ് ചിത്രങ്ങളുടെ കഥയും അദ്ദേഹത്തിന്‍റേതായിരുന്നു. ടു സ്റ്റേറ്റ്സ്, ഹാഫ് ഗേൾഫ്രണ്ട് തുടങ്ങിയ സിനിമകളുടെ കഥയും തിരക്കഥയും എഴുതി. 

അപ്രതീക്ഷിത ട്വിസ്റ്റുകളും സസ്പെൻസുകളും സൂഷ്മമായ നർമ്മവുമാണ് ചേതൻ ഭഗത് നോവലുകളുടെ പ്രത്യേകത. രാഷ്ട്രീയ പ്രവേശം സംബന്ധിച്ച ട്വീറ്റിന്‍റെ വാസ്തവം എന്തെന്ന് കാത്തിരിക്കുകയാണ് ആരാധകർ. ഗൗരി ലങ്കേഷിന്‍റെ കൊലപാതകം അടക്കമുള്ള വിഷയയങ്ങളിൽ ചേതന്‍ ഭഗത്തിന്‍റെ നിലപാടുകൾ ബിജെപി സർക്കാരിന് എതിരായിരുന്നു. 'ഇപ്പോഴത്തെ ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ട്' എന്ന ചേതന്‍റെ പ്രസ്താവന ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീന ശേഷിയുള്ല നൂറ് വ്യക്തികളിൽഷ ഒരാളായി ചേതൻ ഭഗത്തിനെ തെരഞ്ഞെടുത്തിരുന്നു. കോൺഗ്രസിൽ ചേരാൻ തന്നെയാണ് ചേതന്‍റെ തീരുമാനമെങ്കിൽ അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് വായനക്കാരേയും ആരാധകരേയും അത് സ്വാധീനിച്ചേക്കും.  

click me!