'കേരള സ്റ്റോറി' സിനിമയ്ക്കെതിരായ എസ്എഫ്ഐയുടെ ബീഫ് ഫെസ്റ്റ് രാഷ്ട്രീയ വിവാദമായി. ഇത് ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് എംഎസ്എഫ് നിലപാടെടുത്തതോടെ, എംഎസ്എഫ് സംഘപരിവാറിന് ദാസ്യപ്പണി ചെയ്യുകയാണെന്ന് എസ്എഫ്ഐ ആരോപിച്ചു. 

തിരുവനന്തപുരം: കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റ് രാഷ്ട്രീയ വിവാദത്തിലേക്ക്. ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ബീഫ് ഫെസ്റ്റ് എന്ന എംഎസ്എഫ് നിലപാടിനെതിരെ ആർഎസ്എസിന്റെ ദാസ്യപ്പണി എന്നാരോപിച്ച് എസ്എഫ്ഐ രംഗത്തെത്തി. എംഎസ്എഫ് നേതാക്കൾ ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘ് പ്രൊജക്ടിന് കൂട്ടുനിൽക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കേരളമൊന്നാകെ കേരള സ്റ്റോറിക്കെതിരെ നിലകൊള്ളുമ്പോൾ എംഎസ്എഫിന് മതം മാത്രമാണ് ചിന്തയെന്ന് പിഎസ് സഞ്ജീവ് ആരോപിച്ചു. ആർഎസ്എസ് വിസിമാരുടെ കാല്ക്കൽ അഭയം പ്രാപിക്കുന്ന എംഎസ്എഫ് സംഘപരിവാറിനെതിരെ ഒരു പ്രസ്താവന പോലും നടത്തുന്നില്ല. പൗരത്വ ബില്ലിന്റെ കാലത്ത് ആർഎസ്എസിനെ പേടിച്ച് ലോക്‌സഭയിൽ എത്താതിരുന്ന കുഞ്ഞാലിക്കുട്ടിയും ആർഎസ്എസിനു മുന്നിൽ കുനിഞ്ഞ പ്രതിപക്ഷ നേതാവുമുള്ള യുഡിഎഫിൽ നിന്ന് ഈ അടിമപ്പണിയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം പരിഹസിച്ചു. നേരത്തെ, എസ്എഫ്ഐയുടെ സമരരീതിയെ രൂക്ഷമായി വിമർശിച്ച് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സികെ നജാഫ് രംഗത്തെത്തിയിരുന്നു.

ഗോമാംസം നിഷിദ്ധമാണെന്ന് കരുതുന്ന ഒരു വിഭാഗം വിശ്വാസികളുണ്ട്. ആർഎസ്എസിനെ നേരിടാൻ അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ശരിയല്ല. വിശ്വാസികളെല്ലാം ആർഎസ്എസ് ആണെന്ന ധാരണ തെറ്റാണ്. ബീഫ് നിരോധനം മനുഷ്യാവകാശ ലംഘനമാകുന്നതുപോലെ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട സിനിമയാണ്, അതിനെ ബഹിഷ്കരിക്കുകയാണ് വേണ്ടത്. അല്ലാതെ ബീഫ് ഫെസ്റ്റ് നടത്തിയിട്ടല്ല പ്രതിരോധിക്കേണ്ടതെന്നും നജാഫ് പറഞ്ഞു.'ഒരു മുസ്ലിം പന്നിമാംസം കഴിക്കില്ല, എന്ന് കരുതി ആരെങ്കിലും 'പോർക്ക് ഫെസ്റ്റ്' നടത്തി ആഘോഷിച്ചാൽ അതിൽ മതവിരുദ്ധതയുണ്ടാവില്ലേ'എന്നും അദ്ദേഹം ചോദിച്ചു. രണ്ട് വിദ്യാർത്ഥി സംഘടനകളും നേർക്കുനേർ എത്തിയതോടെ, വരും ദിവസങ്ങളിൽ ക്യാമ്പസുകളിൽ ഈ വിഷയം സജീവ ചർച്ചയാകുമെന്ന് ഉറപ്പാണ്. അതേസമയം, ബീഫ് ഫെസ്റ്റുമായി മുന്നോട്ടുപോകുമെന്നും എസ്.എഫ്.ഐ വ്യക്തമാക്കിയിട്ടുണ്ട്.