ലാസ്‍വേഗസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്; നിഷേധിച്ച് യു.എസ്

By Web DeskFirst Published Oct 3, 2017, 9:12 AM IST
Highlights

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലാസ്‍വേഗസിലുണ്ടായ വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. അക്രമം നടത്തിയത് തങ്ങളുടെ പോരാളിയാണെന്നാണ് ഐ.എസ് അവകാശപ്പെടുന്നത്. എന്നാല്‍ സംഭവം ഭീകരാക്രമണമല്ലെന്നാണ് അമേരിക്കന്‍ അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ഐ.എസ് ആണെന്ന സംഘടനയുടെ അവകാശവാദവും അമേരിക്ക തള്ളുകയാണ്.

അമേരിക്കയുടെ നേതൃത്വത്തില്‍ മദ്ധ്യ-പൗരസ്ത്യ ദേശത്ത് തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്ന രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ലാസ് വേഗസിലെ ആക്രമണമെന്നാണ് ഐ.എസ് അവകാശപ്പെടുന്നത്. ആക്രമണം നടത്തുന്ന രാജ്യങ്ങളെയെല്ലാം തങ്ങള്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ഈ ആക്രമണമെന്നും ഐ.എസ് അവകാശപ്പെടുന്നു.  ലാസ്‍വേഗസില്‍ ആക്രമണം നടത്തിയയാള്‍ ഏതാനും മാസം മുന്‍പ് ഇസ്‌ലാമിലേക്ക് മതം മാറിയതാണെന്നും ഐ.എസുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഒരു ഭീകരസംഘടനയുമായും പ്രതിക്ക് ബന്ധമുള്ളതായി ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് യു.എസിലെതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘റോയിട്ടേഴ്‌സ്' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഐ.എസിന്റെ വാദം എഫ്.ബി.ഐയും തള്ളിയിട്ടുണ്ട്.

ഇന്നലെ നടന്ന വെടിവയ്പില്‍ മരണം 59 ആയി ഉയര്‍ന്നു. 500ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ നെവാഡ സ്വദേശിയായ സ്റ്റീഫന്‍ ക്രെയ്ഗ് പാഡക്(64) സ്വയം വെടിവച്ചു മരിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാള്‍ ചൂതാട്ടകേന്ദ്രത്തില്‍ മുറിയെടുത്തത്. കെട്ടിടത്തിന്റെ 32–ാം നിലയിലുള്ള ഇയാളുടെ മുറിയില്‍ നിന്ന് എട്ടു തോക്കുകള്‍ കണ്ടെത്തി. യു.എസിലെ മറ്റിടങ്ങളില്‍ ആക്രമണ ഭീഷണിയൊന്നുമില്ലെന്നും ആഭ്യന്തരസുരക്ഷാ വിഭാഗം അറിയിച്ചു. അക്രമിക്കൊപ്പമുണ്ടായിരുന്ന ഭാര്യയെന്നു സംശയിക്കുന്ന സ്‌ത്രീക്കായി അന്വേഷണം ആരംഭിച്ചു. 

click me!