
അഫ്ഗാനിസ്ഥാനിൽ താലിബാനുമായി സർക്കാർ നടത്തുന്ന അനുനയ നീക്കത്തെ അട്ടിമറിക്കാൻ കരുനീക്കവുമായി ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത്. താലിബാനുമായുള്ള വെടിനിർത്തൽ കരാറിന്റെ കാലാവധി ദീർഘിപ്പിക്കുന്നതായി അഫ്ഗാൻ പ്രസിഡന്‍റ് പ്രഖ്യാപിച്ചതിന് പിന്നാലെ നാംഗർഹാനിൽ ഐഎസ് ചാവേറാക്രമണം നടത്തി. സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. അന്പതിലേറെ പേർക്ക് പരിക്കേറ്റു.
ഈദ് ഉൽ ഫിത്ർ പ്രമാണിച്ച് താലിബനുമായി ഏർപ്പെട്ട കരാറാണ് അഫ്ഗാൻ സർക്കാർ പ്രത്യേക കാലാവധിയൊന്നും നിശ്ചയിക്കാതെ ദീർഘിപ്പിച്ചത്. താൽക്കാലിക വെടിനിർത്തൽ കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് അഷ്‍റഫ് ഘാനി വെടിനിർത്തൽ കരാർ തുടരാൻ താലിബാനോടും ആവശ്യപ്പെട്ടു. ഇതിനോട് പക്ഷേ താലിബാൻ പ്രതികരിച്ചിട്ടില്ല.
ആഘോഷങ്ങളുടെ ഭാഗമായി 46 താലിബാൻ തടവുകാരുടെ മോചനവും ഘാനി പ്രഖ്യാപിച്ചിട്ടുണ്ട്. 2001ൽ താലിബാനെതിരായ പോരാട്ടത്തിന്റെ നേതൃത്വം യുഎസ് ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാൻ സർക്കാർ അവരുമായി വെടിനിർത്തൽ കരാർ പ്രഖ്യാപിക്കുന്നത്. വെള്ളിയാഴ്ച തുടങ്ങി മൂന്നു ദിവസത്തേക്ക് വെടിനിർത്താനായിരുന്നു ധാരണ. ഈ ധാരണ തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് നടന്ന സ്ഫോടനത്തിൽ 25ലേറെ പേർകൊല്ലപ്പെട്ടു.
നിരവധി പേർക്ക് പരിക്കേറ്റു. ഇഫ്ഗാനിലെ നാംഗർഹാർ പ്രവിശ്യയിലായിരുന്നു സ്ഫോടനം. സുരക്ഷാ ഉദ്യാഗസ്ഥരും സാധാരണക്കാരും താലിബാനികളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യംവച്ച് താലിബാനുമായി ചർച്ചയ്ക്കുള്ള വാതിൽ അഷ്‍റഫ് ഗാനി തുറന്നതാണ് ഐഎസിനെ പ്രകോപിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam