പലസ്തീൻ ഇസ്രായേൽ സംഘർഷം രൂക്ഷം; ഹമാസ് ശക്തികേന്ദ്രങ്ങളിലേക്ക് ഇസ്രായേലിന്റെ വ്യോമാക്രമണം

By Web DeskFirst Published Dec 9, 2017, 11:06 AM IST
Highlights

ഗാസ: ഇസ്രായേലിന്‍റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കയുടെ നടപടിയെ തുടർന്ന് ഇസ്രായേൽ പലസ്തീൻ സംഘർഷം രൂക്ഷമാകുന്നു. പലസ്തീനിലെ ഹമാസ് ശക്തികേന്ദ്രങ്ങളിലേക്ക് ഇസ്രായേൽ പലവട്ടം വ്യോമാക്രമണം നടത്തി. പലസ്തീനിൽ പ്രതിഷേധ പ്രകടനങ്ങൾ വീണ്ടും അക്രമാസക്തമായി. അക്രമസംഭവങ്ങളിൽ നിരവധി പേർ മരിക്കുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ തന്നെ പലസ്തീൻ തെരുവുകളിൽ പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങിയിരുന്നു. വെസ്റ്റ്ബാങ്കിലും പലസ്തീനിന്‍റെ കിഴക്കൻ പ്രദേശങ്ങളിലും ഗാസയിലുമെല്ലാം പ്രതിഷേധം അക്രമാസക്തമായി. 

ഗസയിൽ പലസ്തീൻ പട്ടാളം നടത്തിയ വെടിവയ്പ്പിൽ ഇന്നലെ രണ്ട് പലസ്തീനികൾ മരിച്ചതോടെ സംഘർഷം കൂടുതൽ ശക്തമായി. എണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റതായി റെഡ് ക്രെസന്റ് അറിയിച്ചു. ഹമാസ് പോരാളികൾ ഇസ്രായേലിനെ ലക്ഷ്യമാക്കി നിരവധി തവണ റോക്കറ്റ് ആക്രമണം നടത്തി. ആക്രമണത്തിൽ ആർക്കും പരിക്കില്ല തുടർന്ന് ഇസ്രായേൽ പലസ്തീനുമേൽ വ്യോമാക്രമണം നടത്തി തിരിച്ചടിച്ചു. ആളപായമുണ്ടോ എന്ന് അറിവായിട്ടില്ല. 25ലേറെ പേർക്ക് പരിക്കേറ്റതായി പലസ്തീൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിക്കുന്നു. ഹമാസിന്‍റെ ആയുധശാലകൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. ജറുസലേമിലേക്ക് എംബസികൾ മാറ്റിസ്ഥാപിക്കുന്നവർ ആരായാലും അവർ പലസ്തീനികളുടെ ശത്രുക്കളാണെന്ന് മുതിർന്ന ഹമാസ് നേതാവ് ഫാത്തി ഹമ്മദ് പറഞ്ഞു.

ഇതിനിടെ ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലും വിമർശനമുയർന്നു. ഈ നീക്കം മേഖലയിലെ സമാധാനം തകര്‍ത്തുവെന്ന് പലസ്തീൻ അടക്കം വിവിധ രാജ്യങ്ങൾ കുറ്റപ്പെടുത്തി.
എന്നാൽ യാഥാർത്ഥ്യം കണക്കിലെടുത്താണ് നടപടിയെന്ന് അമേരിക്ക വിശദീകരിച്ചു. ഇസ്രായേലിനെ കടന്നാക്രമിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്നും അമേരിക്കൻ പ്രതിനിധി നിക്കി ഹലേയ് പറഞ്ഞു. ഏതായാലും ഒരിടവേളക്ക് ശേഷം മേഖല യുദ്ധസമാനമായ സാഹചര്യത്തിലേക്ക് വീണ്ടും അശാന്തമാവുകയാണ്.
 

click me!