കടല്‍ഭിത്തി നിര്‍മ്മാണം; ചെല്ലാനം സമരം ഒത്തുതീര്‍ത്തു

Published : Dec 09, 2017, 10:49 AM ISTUpdated : Oct 04, 2018, 07:21 PM IST
കടല്‍ഭിത്തി നിര്‍മ്മാണം; ചെല്ലാനം സമരം ഒത്തുതീര്‍ത്തു

Synopsis

കൊച്ചി: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച ചെല്ലാനത്ത് നാട്ടുകാര്‍ നടത്തുന്ന റിലേ നിരാഹാരസമരം ഒത്തുതീര്‍ത്തു. ആറാം ദിവസമായ ഇന്ന് സമരക്കാരുമായി ജില്ലാ കളക്ടറും ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പ്രധാനപ്പെട്ട ആറ് ആവശ്യങ്ങള്‍ അധികൃതര്‍ അംഗീകരിച്ചുവെന്നാണ് സമരക്കാര്‍ പറഞ്ഞത്. ഉടന്‍ തന്നെ നിര്‍മ്മാണം ആരംഭിക്കുമെന്ന് സമരക്കാര്‍ക്ക് അധികൃതര്‍ ഉറപ്പ് നല്‍കി.

കടല്‍തീരത്ത് അടിയന്തിരമായി കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കണമെന്നായിരുന്നു ആവശ്യം. കടല്‍ഭിത്തി നിര്‍മ്മാണം ഫ്രെബുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി. ചെല്ലാനം പ്രദേശത്ത് സൗജന്യ റേഷന്‍ നല്‍കാനും തീരുമാനം. മൂന്ന് ദിവസത്തിനുള്ളില്‍ പ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും ചെല്ലാനത്തെ തകര്‍ന്ന വീടുകള്‍ പരിശോധിച്ച് വേണ്ട ധനസഹായം നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി. നിര്‍മ്മാണം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ രണ്ടാം ഘട്ട സമരം ഏപ്രിലോടെ ആരംഭിക്കുമെന്നും സമരക്കാര്‍ അറിയിച്ചു. 

കൊച്ചി-ആലപ്പുഴ രൂപതയിലെ കന്യാസ്ത്രീകളാണ് ഇന്നത്തെ നിരാഹാര സമരത്തിന് നേതൃത്വം നല്‍കിയിരുന്നത്. സെന്റ് മേരീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ നടക്കുന്ന സമരത്തിന് കഴിഞ്ഞ ദിവസം വൈദികാരും നേതൃത്വനിരയില്‍ ഉണ്ടായിരുന്നു. ഇന്നലെ ദുരിതാശ്വാസ ക്യാമ്പും സമരപ്പന്തലും സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ സമരക്കാര്‍ തടഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊപ്പമെത്തിയ പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയത്. ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍ എന്നിവരെ മാത്രമാണ് ഉമ്മന്‍ ചാണ്ടിക്കൊപ്പം ക്യാമ്പിലേക്ക് പ്രവേശിക്കാന്‍ സമരക്കാര്‍ അനുവദിച്ചത്. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, മുന്‍ എം.എല്‍.എ ബെന്നി ബെഹന്നാന്‍ ഉള്‍പ്പെടെയുള്ളവരെയും മറ്റ് പ്രാദേശികനേതാക്കളെയും തടഞ്ഞുനിര്‍ത്തി. ക്യാമ്പില്‍ എത്തിയ ഉമ്മന്‍ ചാണ്ടി സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി.

ഓരോ തവണയും കടല്‍ക്ഷോഭമുണ്ടാകുമ്പോഴും ദുരിതാശ്വാസ ക്യാംപിലേക്ക് മാറേണ്ട അവസ്ഥയാണ് ചെല്ലാനം നിവാസികള്‍ക്കിപ്പോള്‍. പുലിമുട്ടും കടല്‍ ഭിത്തിയും ഇല്ലാത്തതാണ് ഇവിടെ ദുരന്ത വ്യാപ്തി ഇരട്ടിയാക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊച്ചിയില്‍ ഓഖി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചതും ചെല്ലാനം മേഖലയില്‍ തന്നെയായിരുന്നു. ഇതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നതിന് പിന്നാലെയാണ് സ്ത്രീകളും കുട്ടികളുമടക്കം നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. സമരക്കാരുമായി ജില്ലാകളക്ടര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെട്ടിരുന്നു. കടല്‍ഭിത്തിയെന്ന ആവശ്യം അംഗീകരിക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന നിലാപാടിലാണ് എഴുപത്തിയഞ്ചിലധികം കുടുംബങ്ങള്‍. പുലിമുട്ട് നിര്‍മ്മിക്കാന്‍ ഫണ്ടില്ലെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്നാരോപിക്കുന്ന നാട്ടുകാര്‍, വിഷയത്തില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, 'ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്‍റെ ഭാഗമായതിൽ സന്തോഷം'
'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ