
ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാനിരീക്ഷണഉപഗ്രഹമായ ഇൻസാറ്റ് 3 ഡി ആറിനെയും വഹിച്ചുള്ള ജിഎസ്എൽവി എഫ്-അഞ്ച് വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എൻജിൻ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. അടുത്ത വർഷം ഇന്ത്യയുടെ രണ്ടാം ചാന്ദ്രയാൻ ദൗത്യം വിക്ഷേപിയ്ക്കുന്നതിന്‍റെ ആദ്യപടിയായാണ് ഐഎസ്ആർഒ ക്രയോജനിക് എൻജിൻ പരീക്ഷണാടിസ്ഥാനത്തിലല്ലാതെ ഉപയോഗിച്ചത്.
വൈകിട്ട് നാലേ പത്തിനായിരുന്നു ജിഎസ്എൽവി എഫ്-അഞ്ചിന്‍റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ ക്രയോജനിക് എഞ്ചിനിലേയ്ക്കുള്ള ഇന്ധനം നിറയ്ക്കുന്നതിനിടെയുണ്ടായ ചെറിയ ചോർച്ച മൂലം വിക്ഷേപണം നാൽപത് മിനിറ്റ് നീണ്ടു. ആശങ്കകൾക്കൊടുവിൽ 4.50ഓടെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഇൻസാറ്റ് ത്രി ഡി ആറിനെയും വഹിച്ചുകൊണ്ട് ജിഎസ്എൽവി എഫ്-അഞ്ച് പറന്നുയർന്നു.
വിക്ഷേപണത്തിന്‍റെ മൂന്നാംഘട്ടത്തിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എൻജിൻ ഉപഗ്രഹത്തെ പ്രതീക്ഷിച്ചതു പോലെത്തന്നെ, കൃത്യതയോടെ ഭ്രമണപഥത്തിലെത്തിച്ചതോടെ ആശങ്കകൾ ആഹ്ലാദത്തിന് വഴി മാറി. ഉപഗ്രഹവിക്ഷേപണരംഗത്ത് ഇന്ത്യയുടെ സുപ്രധാനചുവടുവെയ്പ്. സോവിയറ്റ് യൂണിയനുമായി കരാർ ഒപ്പുവെച്ചതു വഴി അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾ ചുമത്തിയ ഉപരോധത്തെ അതിജീവിച്ച് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എൻജിന്‍റെ വിജയം. മുൻഗാമിയായ ഇൻസാറ്റ് ത്രി ഡിയെ അപേക്ഷിച്ച് കാലാവസ്ഥാ, സമുദ്ര, അന്തരീക്ഷപഠനത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്ന ഉപഗ്രഹമെന്നാണ് ഇൻസാറ്റ് 3 ഡി ആറിനെ ഐഎസ്ആർഒ വിശേഷിപ്പിയ്ക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam