
ദില്ലി: കടല്‍ക്കൊല കേസിലെ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറ ജെറോണിന് ഇറ്റലിയിലേക്ക് പോകാനുള്ള അപേക്ഷയെ സുപ്രീം കോടതിയില്‍ എതിര്‍ക്കേണ്ടെന്നത് കേന്ദ്രസര്‍ക്കാരിന്റെ രാഷ്‌ട്രീയ തീരുമാനമായിരുന്നു എന്ന് ഉന്നതവൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. തീരുമാനമെടുക്കാന്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കുകയായിരുന്നു എന്നാണ് സൂചന.
കടല്‍ക്കൊല കേസിലെ പ്രതികളായ നാവികരില്‍ ഇന്ത്യയിലുണ്ടായിരുന്ന സാല്‍വത്തോറ ജെറോണ്‍ ഇറ്റലിയിലേക്ക് പോകാന്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതിയില്‍ വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തിരുന്നില്ല. രാജ്യാന്തര ട്രൈബ്യൂണല്‍ വിധി ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അപേക്ഷയെ എതിര്‍ക്കാത്ത നടപടി ന്യായീകരിച്ചത്. ഉന്നതതലത്തില്‍ എടുത്ത രാഷ്‌ട്രീയ തീരുമാനപ്രകാരമാണ് ഇറ്റാലിയന്‍ നാവികന് രാജ്യം വിടാനുള്ള അനുമതി നല്‍കിയതെന്ന് ഇക്കാര്യവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അനാരോഗ്യം കാരണം വിശ്രമിക്കുകയായിരുന്നതിനാല്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് നിയമപരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകരുടെ അഭിപ്രായവും തേടി. കേസ് എടുത്ത ശേഷം ഇപ്പോള്‍ നാല് വര്‍ഷമായി. രാജ്യാന്തര ട്രൈബ്യൂണലില്‍ കേസ് പരിഗണനയ്‌ക്ക് എത്തിയ സാഹചര്യത്തില്‍ ഇനിയും അഞ്ചുവര്‍ഷം എങ്കിലും കഴിയും വിചാരണ തുടങ്ങാന്‍. അതുകൊണ്ടുതന്നെ വിചാരണയില്ലാതെ നാവികനെ ഇന്ത്യയില്‍ തങ്ങാന്‍ നിര്‍ബന്ധിക്കാനാവില്ല എന്ന വാദമാണ് ഈ ഉന്നതതല യോഗത്തില്‍ ഉയര്‍ന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൂടി അനുമതി വാങ്ങിയ ശേഷം തുടര്‍ന്ന് കേസില്‍ കോടതിയില്‍ മൃദുസമീപനം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. വിചാരണയില്ലാതെ ഒരാള്‍ ഇന്ത്യയില്‍ തന്നെ തുടരുന്നത് സുപ്രീം കോടതി ഉത്തരവുകള്‍ക്ക് തന്നെ വിരുദ്ധമാണെന്ന വിശദീകരണമാണ് തീരുമാനം എടുത്തവര്‍ നല്‍കുന്നത്. നേരത്തെ തന്നെ ഇത്തരമൊരു ചിന്തയിലേക്ക് കേന്ദ്രം എത്തിയിരുന്നെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരുന്നു എന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam