
കൊച്ചി: ഇന്ത്യന്‍ ഫുട്ബോളില്‍ ഒട്ടേറെ ചരിത്രങ്ങള്‍ക്ക് വേദിയായിട്ടുള്ള മലയാള മണ്ണ് മറ്റൊരു നേട്ടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ഫിഫ അണ്ടര്‍ 17 ലോകകപ്പിനും ഐഎസ്എല്ലിനും വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് കാല്‍പ്പന്ത് കളിയുടെ മായിക ലോകം തീര്‍ക്കാന്‍ മറ്റൊരു കാര്‍ണിവല്‍ കൂടെ എത്തുന്നു.
കേരളത്തിന്‍റെ സ്വന്തം ബ്ലാസ്റ്റേഴ്സിനൊപ്പം സ്പാനിഷ് ക്ലബ് ജിറോണ എഫ്സി, ഓസ്ട്രേലിയൻ എ ലീഗ് ടീം മെൽബൺ സിറ്റി എഫ്സി എന്നിവര്‍ അണിനിരക്കുന്ന ടൊയോട്ട യാരിസ് ലാലിഗ വേൾഡിന് ജൂലൈ 24നാണ് തുടക്കമാകുന്നത്. ഇന്ത്യയിലെ പ്രഥമ രാജ്യാന്തര പ്രീ സീസൺ ടൂർണമെന്‍റിനാണ് കൊച്ചി വേദിയൊരുക്കാന്‍ പോകുന്നത്.
അഞ്ചു ദിവസം മാത്രം നീളുന്ന ടൂർണമെന്‍റിലെ ആദ്യ മൽസരത്തിൽ 24നു ബ്ലാസ്റ്റേഴ്സും മെൽബൺ സിറ്റി എഫ്സിയും തമ്മില്‍ മാറ്റുരയ്ക്കും. അതിന് മുന്നോടിയായി മഞ്ഞപ്പടയ്ക്കൊപ്പം അണിനിരക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് സച്ചിന്‍ രംഗത്ത് വന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ടു ഇന്‍റര്‍നാഷണല്‍ ക്ലബ്ബുകള്‍ കളിക്കാന്‍ എത്തുകയാണ്.
നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സുമായി കളിക്കാനാണ് അവര്‍ എത്തുന്നത്. ലോകത്തിന് മുന്നില്‍ ഒത്തുചേര്‍ന്ന് നമ്മള്‍ ആരാണെന്ന് കാണിച്ചു കൊടുക്കാനുള്ള സമയമാണിത്. ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്നു നില്‍ക്കേണ്ട സമയമാണിത്. എല്ലാത്തിനും ഉപരിയായി ഫുട്ബോളിലെ പിന്തണയ്ക്കൂ എന്നാണ് ട്വീറ്റ് വീഡിയോയിലൂടെ സച്ചിന്‍ ആഹ്വാനം ചെയ്തത്.
വീഡിയോ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam