
ദില്ലി: പ്രശസ്ത ക്രൈം റിപ്പോർട്ടർ ജേ ഡേയെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനി ഒരു മലയാളിയാണ്. ഛോട്ടാ രാജന്റെ വിശ്വസ്തൻ, ഷാർപ്പ് ഷൂട്ടർ സതീഷ് കാലിയ. മുംബൈ അധോലോകത്തെ വിറപ്പിച്ച കാലിയ, ഇനി അഴിക്കുള്ളിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കും. പ്രതിപ്പട്ടികയിലുണ്ടായിരുന്ന മറ്റൊരു മലയാളി,പോൾസൺ രാജനെ കോടതി വെറുതെവിട്ടു.
തിരുവനന്തപുരത്തെ പൂവാറില്‍ നിന്ന് മുംബൈയിലെത്തി അധോലോകത്തിന് വേണ്ടി ഗുണ്ടാ, ക്വട്ടേഷന്‍ പണികള്‍ ചെയ്തിരുന്ന സതീഷ് തങ്കപ്പന്‍ ജോസഫാണ്, സതീഷ് കാലിയ എന്ന ഷാർപ്പ് ഷൂട്ടറായി മാറിയത്. മുംബൈയിൽ ലക്ഷങ്ങൾ വാങ്ങി ക്വട്ടേഷനെടുക്കും. ഏറ്റെടുത്ത ജോലി കഴിഞ്ഞാൽ നാട്ടിലേക്ക്. അടുത്ത ജോലി വരുന്നത് വരെ കുടുംബത്തോടൊപ്പം സ്വസ്ഥ ജീവിതം. ഇതായിരുന്നു കാലിയയുടെ ശൈലി.
കേരള പൊലീസിന്റെ ഒരു രേഖയിലും സതീഷ് കാലിയ പ്രതിയല്ല. 2011ൽ പതിവുപോലെ പൂവാറിൽ കുടുംബത്തോടൊപ്പം കഴിയുന്പോഴാണ്, കാലിയയെത്തേടി ഛോട്ടാ രാജന്റെ വിളി വന്നത്. മാധ്യമ പ്രവർത്തകൻ ജ്യോതിർമയി ഡേയെ വകവരുത്തണം. ഷാർപ്പ് ഷൂട്ടറായ കാലിയ, മുന്പും ഛോട്ടാ രാജനു വേണ്ടി മൂന്ന് കൊലപാതകങ്ങൾ ചെയ്തിട്ടുണ്ട്. ഏറ്റെടുക്കുന്ന ജോലിയിലെ കൃത്യതയാണ് ഡേയുടെ ക്വട്ടേഷൻ കാലിയയെത്തന്നെ ഏൽപ്പിക്കാൻ ഛോട്ടാ രാജനെ പ്രേരിപ്പിച്ചത്.
മുംബൈയിൽ അന്ന് പത്തോളം ക്രിമിനൽ കേസുകളിൽ കാലിയ പ്രതിയാണ്. വ്യാജ പാസ്പോർട്ട് കേസിലും പ്രതി. അഞ്ച് ലക്ഷം രൂപയ്ക്കാണ് ജെ ഡേയെ കൊല്ലാൻ ക്വട്ടേഷനെടുത്തത്. എന്നാൽ പിന്നീട്, ഒരു പത്രപ്രവർത്തകനെ വധിച്ചതിൽ കുറ്റബോധം തോന്നിയിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.
തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്നാണ് ജെ ഡേ വധക്കേസിൽ കാലിയയെ മുംബൈ പൊലീസ് പിടികൂടിയത്. മറ്റൊരു പ്രതി, തൃശ്ശൂർ സ്വദേശി പോൾസൺ രാജനെ കോടതി വെറുതെവിട്ടു. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ടാണ് പോൾസണെ വിട്ടയച്ചത്. കൊലയാളി സംഘത്തെ സിം കാർഡ് എടുക്കാൻ സഹായിച്ചതിനാണ് പോൾസണെ പ്രതിചേർത്തിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam