അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടിയാണ് രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതകൾ മാത്രമാണ് യൂട്യൂബ് വീഡിയോയിൽ പങ്കുവച്ചതെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഈ‌ശ്വർ പറയുന്നു. 

തിരുവനന്തപുരം: അതിജീവിതയെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ. മുൻകൂർ ജാമ്യം തേടിയാണ് രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതകൾ മാത്രമാണ് യൂട്യൂബ് വീഡിയോയിൽ പങ്കുവച്ചതെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഈ‌ശ്വർ പറയുന്നു. തിരുവനന്തപുരം സൈബർ പൊലീസ് റജിസ്റ്റർ ചെയ്യാൻ സാധ്യതയുള്ള കേസിലാണ് മുൻകൂർ ജാമ്യം തേടിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സം​ഗക്കേസിലെ പരാതിക്കാരിക്കെതിരെ രാഹുൽ ഈശ്വര്‍ വീണ്ടും രം​ഗത്തെത്തുകയായിരുന്നു. 

തനിക്കെതിരെ അതിജീവിത വീണ്ടും പരാതി നൽകിയെന്ന് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും ഇതേതുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ എസ്എച്ച്ഒ പറഞ്ഞത് അങ്ങനെയൊരു പരാതി ലഭിച്ചില്ലെന്നാണെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു. പരാതിക്കാരിയെ അതിജീവിതയെന്ന് വിളിക്കുന്നത് തെറ്റാണെന്നും കോടതി പോലും അതിജീവിതയെന്ന് പറയുന്നില്ലെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു. യുവതിക്കെതിരെ രാഹുൽ ഈശ്വര്‍ സൈബര്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സൈബര്‍ അധിക്ഷേപ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഒപ്പിട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വര്‍. പരാതിക്കാരിയുടെ ഭർത്താവ് ഒരു വീഡിയോ ഇട്ടിരുന്നു. രാഹുൽ ഈശ്വർ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അയാൾ പറഞ്ഞതെന്നും രാഹുൽ ഈശ്വര്‍ പ്രതികരിച്ചു. 

ഇന്നലെയും യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വര്‍ പ്രതികരിച്ചിരുന്നു. ആണിനെ കുടുക്കാൻ എന്ത് എളുപ്പമാണെന്ന് ആലോചിച്ചു നോക്കൂവെന്നും ഈ പുരുഷ വേട്ട ഇല്ലാതാക്കണമെന്നാണ് പൊലീസ്, കോടതി, നിയമ സംവിധാനത്തോട് പറയാനുള്ളതെന്നുമാണ് രാഹുൽ ഈശ്വര്‍ പ്രതികരിച്ചത്. രാഹുൽ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി ഇന്നലെ വീണ്ടും പരാതി നൽകിയിരുന്നു. യുവതിക്കെതിരെ രാഹുൽ ഈശ്വര്‍ വീണ്ടും വീഡിയോ ചെയ്തതിന് പിന്നാലെയായിരുന്നു പരാതി. ഐജിക്ക് കിട്ടിയ പരാതി സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയെ അധിക്ഷേപിക്കരുതെന്നായിരുന്നു രാഹുലിന് നൽകിയ ജാമ്യവ്യവസ്ഥ. എന്നാൽ, യുവതി വീണ്ടും പരാതി നൽകിയിട്ടില്ലെന്നാണ് രാഹുൽ ഇന്ന് അവകാശവാദം ഉന്നയിച്ചത്.

YouTube video player