അഴിമതിക്കാര്‍ക്കെതിരെ പണിയുകയെന്നതാണ് ഇനി തന്റെ പണിയെന്നു ജേക്കബ് തോമസ്

By Asianet NewsFirst Published Jun 2, 2016, 2:50 AM IST
Highlights

തിരുവനന്തപുരം: സര്‍ക്കാറിന്റെ എല്ലാ വകുപ്പുകളേയും പൊതുമേഖലാ സ്ഥാപനങ്ങളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അഴിമതി മുക്തമാക്കുകയാണു വിജിലന്‍സിന്റെ ലക്ഷ്യമെന്നു ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് മേധാവിയായി ചുമതലയേറ്റശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെവരെ പൊലീസ് സ്റ്റേഷന്‍ പണിയുകയായിരുന്ന താന്‍ ഇനി മുതല്‍ അഴിമതിക്കാര്‍ക്കെതിരെ പണിയുന്ന പണിയാകും ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

മികച്ച ടീമായി വിജിലന്‍സ് പ്രവര്‍ത്തിക്കും. ഇനി പിന്നോട്ടു നോക്കി വണ്ടിയോടിക്കല്‍ ഉണ്ടാകില്ല. മുന്നോട്ടു നോക്കിത്തന്നെയാകും ഓടിക്കുന്നത്. എല്ലാ വകുപ്പുകളേയും വിജിലന്‍സ് നിരീക്ഷിക്കും. വിജിലന്‍സ് ടീമിന്റെ ക്യാപറ്റനെന്ന നിലയില് താന്‍ നല്ലൊരു സ്ട്രൈക്കറും ഗോള്‍ കീപ്പറുമായിരിക്കും. മറ്റു ഡിപ്പാര്‍ട്ട്മെന്റുകളുടെ കാര്യത്തില്‍ റഫറിയുടേയും കോച്ചിന്റേയും റോളിലും. ആ വകുപ്പുകള്‍ക്കും ക്യാപ്റ്റന്മാരുണ്ട്. അവര്‍ അതിന്റെ കാര്യങ്ങള്‍ നോക്കും. ആരെങ്കിലും ഫൗള്‍ കാണിച്ചാല്‍ താന്‍ യെല്ലോ കാര്‍ഡ് കാണിക്കും. ഫലമില്ലെങ്കില്‍ റെഡ് കാര്‍ഡ് കാണിക്കും. എപ്പോഴും ഈ കാര്‍ഡുകള്‍ തന്റെ പോക്കറ്റിലുണ്ടാകും - ജേക്കബ് തോമസ് നയം വ്യക്തമാക്കി.

മുന്‍ സര്‍ക്കാറിന്റെകാലത്തെ അനുഭവങ്ങള്‍ കൊതുകു കടിപോലെയേ താന്‍ കണ്ടിട്ടുള്ളൂവെന്നും അതു തട്ടിക്കളഞ്ഞു മുന്നോട്ടുപോകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

click me!