ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ഇല്ല

By Web DeskFirst Published Dec 8, 2016, 5:30 AM IST
Highlights

കൊച്ചി: സര്‍വീസ് കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് സമര്‍ർപ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജേക്കബ് തോമസ് ചട്ട ലംഘനം  നടത്തിയിട്ടില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സിബിഐ അന്വേഷണം നിരാകരിച്ചത്.

കെടിഡിഎഫ്സി മാനേജിംഗ് ഡയറക്ടറായിരിക്കെ അവധിയെടുത്ത് കൊല്ലം ടികെഎം എഞ്ചിനിയറിംഗ് കോളേജില്‍ അധ്യാപകനായി ജോലിചെയ്ത് ശമ്പളം വാങ്ങിയത് സര്‍വ്വീസ് ചട്ട ലംഘനമാണെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കാന്‍ ഉത്തരവിടണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. 

ഈ കേസിന്‍റെ അന്വഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജേക്കബ് തോമസ് ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും അന്വേഷണത്തിന് തയ്യാറാണെന്ന സിബിഐയുടെ നിലപാട് ദുരൂഹമാണെന്നുമായിരുന്നു സര്‍ക്കാരിന്‍റെ വാദം. 

വിജിലന്‍സ് ഡയറക്ടറെന്ന നിലയില്‍ അഴിമതി കേസുകളുമായി ജേക്കബ് തോമസ്  മുന്നോട്ട് പോകുന്നതിന്‍റെ പ്രതികാര നടപടിയുടെ ഭാഗമാണ് സിബിഐയുടെ നിലപാടെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല ജേക്കബ് തോമസിന്‍റേത് സര്‍വ്വീസ് ചട്ട ലംഘനമല്ല.

സര്‍ക്കാര്‍ അവധി നല്‍കിയാണ് കോളേജില്‍ പോയത്. ജോലിചെയ്യുമ്പോള്‍ ശമ്പളമല്ല മറിച്ച് ഓണറേറിയമാണ് കൈപ്പറ്റിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.സാധാരണ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സര്‍ക്കാരോ, കോടതിയോ ആവശ്യപപെടുമ്പോള്‍ ഒരോ തടസ്സവാദങ്ങള്‍ ഉന്നയിക്കാറുള്ള സിബിഐ ജേക്കബ് തോമസിനെതിരെയുള്ള കേസില്‍ താത്പര്യം കാട്ടിയത് ദുരൂഹമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.  സര്‍ക്കാരിന്‍റെ ഈ വാദങ്ങള്‍ അംഗീകരിച്ചാണ് സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടത്

click me!