
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. മുഖ്യമന്ത്രി ഒപ്പിട്ട സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി.
ഓഖി ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോഴാണ് ഐ.എം.ജി. ഡയറക്‌ടറായിരിക്കെ ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്‌തത്. സര്‍ക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചും പ്രകോപനപരമായ പ്രസ്‌താവന നടത്തിയും അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നായിരുന്നു വിശദീകരണം. ഈ സസ്‌പെന്‍ഷന്‍ നാലു മാസമെത്തിയപ്പോഴാണു ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ സസ്പെന്‍ഷന്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.
വിജിലന്‍സ് ഡയറക്‌ടറായിരിക്കെ എഴുതിയ "സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍", ഐ.എം.ജി. ഡയറക്‌ടറായിരിക്കെ എഴുതിയ 'കാര്യവും കാരണവും' എന്നിവയിലെ ചട്ടലംഘനമാണു ഇപ്പോഴത്തെ സസ്പെന്‍ഷന് വഴിവെച്ചത്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്‌തകത്തിന്റെ ഉള്ളടക്കം സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് ആഭ്യന്തരവകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി സര്‍ക്കാരിനു നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ നടപടിക്കും വകുപ്പുതല നടപടിക്കും ശുപാര്‍ശയും നല്‍കി. തുടര്‍ന്നാണ് 'കാര്യവും കാരണവും' പരിശോധിച്ചത്. രണ്ടും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി എഴുതിയതാണെന്നു ചീഫ് സെക്രട്ടറി വ്യക്‌തമാക്കിയിരുന്നു.
പുസ്‌തകരചനയ്‌ക്ക് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നെങ്കിലും നല്‍കിയിരുന്നില്ല. സാഹിത്യരചനയെന്നു പറഞ്ഞാണ് അനുമതി ചോദിച്ചതെങ്കിലും സാഹിത്യ സൃഷ്‌ടികളല്ലെന്നു ചീഫ് സെക്രട്ടറി വിലയിരുത്തുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് ടോമിന്‍ ജെ.തച്ചങ്കരിക്കും സസ്‌പെന്‍ഷനു മേല്‍ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഖത്തര്‍യാത്ര നടത്തിയതിനു സസ്‌പെന്‍ഷനിലിരിക്കെയാണ് അനധികൃത സ്വത്തിന്റെ പേരില്‍ നടപടി ആവര്‍ത്തിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam