
കട്ടച്ചിറ: കായംകുളം കട്ടച്ചിറയിലെ പള്ളിത്തർക്കത്തെ തുടർന്ന് വൈകിയ വര്‍ഗ്ഗീസ് മാത്യുവിന്‍റെ സംസ്കാരം നടത്തി. 10 ദിവസമായി നീണ്ടുപോയ സംസ്കാരമാണ് കളക്ടറുടെ അന്ത്യശാസനത്തെ തുടർന്ന് ഇന്ന് നടത്തിയത്.സഭാ തര്‍ക്കത്തെ തുടര്‍ന്നാണ് 10 ദിവസമായി സംസ്കരിക്കാനാകാതെ വീട്ടിനുള്ളിലെ മൊബൈല്‍ മോര്‍ച്ചറിയില്‍ വര്‍ഗ്ഗീസ് മാത്യു (94) ന്‍റെ മൃതദേഹം സൂക്ഷിച്ചത്.
ഈ മാസം മൂന്നാം തീയതിയാണ് മാത്യു മരിച്ചത്. വർഷങ്ങളായി കട്ടച്ചിറപള്ളിയുടെ അധികാരത്തിനായി യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനില്‍ക്കുന്നുണ്ട്. തർക്കം കോടതിയിൽ എത്തുകയും ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടാവുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം.രണ്ട് മാസമായി ഇവിടെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
ഇടവക വിശ്വാസികളുടെ ശവസംസ്ക്കാരം പള്ളി സെമിത്തേരിയിൽ നടത്താൻ മാത്രമാണ് അനുവദിച്ചിരുന്നത്. വൈദികരൊഴികെ മരിച്ചയാളിന്റെ ബന്ധുക്കൾ മാത്രമേ പള്ളി സെമിത്തേരിയിൽ പ്രവേശിക്കാവു എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ മരിച്ച മാത്യൂവിന്‍റെ ചെറുമകൻ ജോര്‍ജി ജോണ്‍, വൈദികനായതിനാൽ പ്രവേശിപ്പിക്കണമെന്നതായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം.
എന്നാല്‍ മരിച്ചയാളിന്‍റെ ചെറുമകനായ ജോര്‍ജി ജോണിന് തന്‍റെ കൂടെ നിന്ന് കര്‍മ്മങ്ങള്‍ ചെയ്യാമെന്ന് കട്ടച്ചിറ പള്ളിയിലെ ഓര്‍ത്തഡോക്സ് വികാരിയായ ജോണ്‍സ് ഈപ്പന്‍ പറഞ്ഞു. മരിച്ചയാളിനെ ഓര്‍ത്തഡോക്സ് വികാരി അടക്കം ചെയ്താല്‍ നാളെ ഇത് നിയമപ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭയമാണ് യാക്കോബായ വിഭാഗത്തെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കൊച്ചുമകനായ വികാരിയെ അന്ത്യ ശുശ്രൂഷ ചെയ്യാന്‍ അനുവദിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം ഓര്‍ത്തഡോക്സ് സഭ അംഗീകരിക്കുന്നില്ല. അവര്‍ക്ക് സ്വന്തം നിലയില്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്നും എന്നാല്‍ തന്‍റെ ഒപ്പം നിന്ന് കര്‍മ്മങ്ങളില്‍ പങ്കാളിയാകാമെന്നും ജോണ്‍സ് ഈപ്പന്‍ പറഞ്ഞു. മറിച്ച് ചെയ്താല്‍ അത് സുപ്രീകോടതി വിധിയുടെ ലംഘനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ഇരു വിഭാഗവുമായി കളക്ടർ ഉൾപ്പടെ ചർച്ചകൾ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.
മതാചാരപ്രകാരം മാത്രമേ സംസ്ക്കാര ശുശ്രുഷകൾ നടത്താവൂ എന്ന നിലപാട് ഇടവക കമ്മിറ്റിയും വിശ്വാസികളുമെടുത്തതോടെയാണ് സംസ്കാരം നീണ്ടുപോയത്. വിശ്വാസിയുടെ ശവസംസ്ക്കാരത്തിന് അനുമതി നിഷേധിച്ചതിനെതിരെ ഇന്നലെ ഇടവക പ്രതിഷേധ ദിനം ആചരിച്ചിരുന്നു. മരിച്ച് 10 ദിവസം കഴിഞ്ഞിട്ടും മൃതദേഹം ഇപ്പോഴും വീടിനുള്ളിലെ മൊബൈൽ മോർച്ചറിയിലായിരുന്നു. ഒടുവില്‍ ഇന്ന് രാവിലെയാണ് കളക്ടറുടെ അന്ത്യശാസനത്തെ തുടർന്ന് സംസ്കാരം നടത്തിയത്. ഓർത്തോഡോക്സ് വിശ്വാസികൾ സംസ്കാരത്തിന് പള്ളിയിലെത്തിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam