രോഗം നടിച്ച് പുറത്ത് കടന്ന് ആശുപത്രികള്‍ കേന്ദ്രീകരിച്ച് ജയില്‍ തടവുകാരുടെ ക്വട്ടേഷന്‍

By Web DeskFirst Published Jan 29, 2018, 1:13 AM IST
Highlights

തിരുവനന്തപുരം: രോഗം നടിച്ച് ജയിലിൽ നിന്ന് പുറത്തു കടക്കുന്ന തടവുകാര്‍ കൂട്ടാളികളുമായി ചേര്‍ന്ന് ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ ആസൂത്രണം ചെയ്തതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. തടവുകാരുടെ ആശുപത്രി യാത്രയുടെ വിവരങ്ങള്‍ ജയിൽ ജീവനക്കാര്‍ പുറത്തുള്ള ഗുണ്ടാ സംഘത്തിന്  ചോര്‍ത്തി നല്‍കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

വിയ്യൂർ ജയിലിലുള്ള കൊടി സുനി ഹവാലാ പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ ആസൂത്രണം ചെയ്തോടെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം തുടങ്ങിയത്. ജയിലിനുള്ളിൽ കിടന്നും ഗുണ്ടകള്‍ ക്വട്ടേഷൻ ഏറ്റെടുക്കുന്നത് എങ്ങിനെയെന്ന പരിശോധനക്കിടെയാണ് പുതിയ തന്ത്രം കണ്ടെത്തിയത്. 

എല്ലാ സെൻട്രൽ ജയിലുകളിലും ഡോക്ടർമാരുണ്ട്. പക്ഷെ അടുത്തിടെ ജയിലിൽ നിന്നും ആശുപത്രിയിലേക്കുള്ള തടവുകാരുടെ യാത്ര വല്ലാതെ കൂടി. പൂജപ്പുര സെൻട്രൽ ജെയിലിലെ ചില തടവുകാർ അസുഖമില്ലെങ്കിലും ഇടക്കിടെ ആശുപത്രികളിലേക്ക് പോകുന്നുണ്ട്. ആശുപത്രി യാത്രയുടെ വിവരം പുറത്തുള്ളവർക്ക് ജയിൽ ഉദ്യോഗസ്ഥർ കൈമാറുന്നുണ്ടെന്നാണ് വിവരം. 

അകത്തുള്ള തടവുകാർ എത്തുമ്പോൾ പുറത്തെ കൂട്ടാളികളും ആശുപത്രിയിലെത്തും. ചിലർ ഒപി ടിക്കറ്റെടുത്ത് കാത്തിരിക്കും. ആശുപത്രി മറയാക്കി ക്വട്ടേഷൻ ആസൂത്രണം ചെയ്യുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ. തടവുകാരുടെ ഫോൺ ഉപയോഗം കണ്ടെത്താനുള്ള മിന്നൽ പരിശോധന ശക്തമായതാണ് ആശുപത്രി താവളമാക്കാനുള്ള കാരണം. തടവുകാരുടെെ ആശുപത്രി യാത്രയിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് ആഭ്യന്തരവകുപ്പിന് നൽകിയ റിപ്പോർട്ടിലെ ശുപാർശ.

click me!