നിറഞ്ഞ് കവിഞ്ഞ് ജയിലുകൾ; ഇരട്ടിയിലേറെ തടവുകാരുമായി സംസ്ഥാനത്തെ ജയിലുകള്‍

By Web DeskFirst Published Dec 17, 2017, 9:41 AM IST
Highlights

തിരുവനന്തപുരം : തടവുകാരെക്കൊണ്ട് നിറഞ്ഞ് സംസ്ഥാനത്തെ ജയിലുകള്‍. ഉള്‍ക്കൊള്ളാവുന്നതിലും 25 ശതമാനം കൂടുതലാണ് ഇപ്പോഴുള്ള തടവുകാര്‍. പുതിയ ജയിലുകളുടെ നിര്‍മ്മാണമാകട്ടെ ഇഴഞ്ഞു നീങ്ങുകയുമാണ്. സംസ്ഥാനത്തെ ജയിലുകളില്‍ പുരുഷന്മാരെ പാര്‍പ്പിക്കുന്ന സെല്ലുകളിലാണ് ഉള്‍ക്കൊള്ളാവുന്ന പരമാവധി എണ്ണത്തിലും കൂടുതല്‍ ആളുകള്‍ ഉള്ളത്. ജില്ലാ ജയിലുകളെന്നോ സെന്‍ട്രല്‍ ജയിലുകളെന്നോ വ്യത്യാസമില്ലാതെ ഇതാണ് അവസ്ഥ.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 727 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണുള്ളത് പക്ഷേ ഇവിടെ നിലവില്‍ ഉള്ളത് 1300 തടവുകാരാണ് . വിയ്യൂരിലാവട്ടെ 520 പേര്‍ക്ക് സൗകര്യമുള്ളിടത്ത് 841 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. കണ്ണൂരില്‍ 840 പേര്‍ക്കുള്ള സൗകര്യമേ ഉള്ളൂ പക്ഷേ തടവുകാര്‍ 1130 പേരുണ്ട്. സംസ്ഥാനത്ത് മൊത്തം 54 ജയിലുകളാണ് ഉള്ളത്. ഒരു തടവുകാരന് 40 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള സ്ഥലം ഉണ്ടായിരിക്കണമെന്നാണ് ജയില്‍ നിയമം അനുശാസിക്കുന്നത്. എന്നാല്‍ കുറ്റവാളികളുടെ എണ്ണം കൂടിയതോടെ ഈ കണക്കൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

സമയത്തിന് കുറ്റവാളികളെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തതും തടവുപുള്ളികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാണ്. പുതിയ ജയിലുകള്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ മലമ്പുഴ, തവനൂര്‍, മുട്ടം എന്നിവിടങ്ങളിലൊന്നും ജയില്‍ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തൃശൂരിലെ വിയ്യൂരില്‍ സ്ഥാപിക്കുന്ന ഹെടെക് ജയില്‍ നിര്‍മ്മാണവും ഇഴഞ്ഞ് നീങ്ങുകയാണ്.

ചുരുങ്ങിയ സ്ഥലത്ത് ആളുകളെ കുത്തിനിറച്ച് പാര്‍പ്പിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. പ്രശ്നം ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടെങ്കിലും പ്രശ്നത്തിന് പരിഹാരമാകുന്നില്ല.

click me!