ബിഷപ്പിനെതിരെയുള്ള ലൈംഗികാരോപണം; ജലന്ധർ രൂപത അന്വേഷണത്തിന് ഉത്തരവിട്ടു

By Web DeskFirst Published Jul 18, 2018, 11:25 AM IST
Highlights
  • ഏഴംഗ കമ്മീഷൻ അന്വേഷിക്കും
  • രൂപത ഉപദേശക സമിതിയുടേതാണ് തീരുമാനം
  • കമ്മീഷനിൽ വൈദികരെ ഉൾപ്പെടുത്തിയിട്ടില്ല
  • ബിഷപ്പും കന്യാസ്ത്രീയും ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും
  • അന്വേഷണ റിപ്പോർട്ട് ജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തും

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ രൂപത, ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഏഴംഗങ്ങളുള്ള അന്വേഷണ കമ്മീഷനിൽ വൈദികരെ ഉൾപ്പെടുത്തിയിട്ടില്ല. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ കേരളാ പൊലീസ് സംഘം ജലന്ധറിൽ എത്താനിരിക്കെയാണ് സ്വന്തം നിലയിൽ അന്വേഷണം നടത്താനുള്ള സഭയുടെ തീരുമാനം. രൂപത ഉപദേശക സമിതിയുടെ നിർദ്ദേശ പ്രകാരമാണിത്. വൈദികർ, കന്യാസ്ത്രീകൾ, അൽമായര്‍(വിശ്വാസികള്‍) തുടങ്ങിയവരാണ് ഉപദേശക സമിതിയില്‍ ഉള്ളത്. എന്നാല്‍, അന്വേഷണ കമ്മീഷനിൽ വൈദികരില്ല. അഭിഭാഷകർ, അധ്യാപകർ, മാധ്യമ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ പ്രഗത്ഭരായ ഏഴ് അൽമായരാണ് അന്വേഷണ കമ്മീഷനിൽ ഉള്ളത്. 

സ്വതന്ത്ര അന്വേഷണം വിശ്വാസികൾക്ക് ഉറപ്പു നൽകുന്നതായി അന്വേഷണ കമ്മീഷൻ തലവൻ ഷാമോൺ സന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിഷപ്പും കന്യാസ്ത്രീയുമടക്കം ഉള്ളവരുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ കമ്മീഷൻ തലവൻ ഷാമോൺ സന്ധു വ്യക്തമാക്കി. ജലന്ധറിലെ സെന്റ് മേരീസ് കത്തിഡ്രലിൽ ചേർന്ന കമ്മീഷന്റെ ആദ്യ യോഗത്തില്‍ അന്വേഷണ പ്രക്രിയക്ക് രൂപം നൽകി.

click me!