
ഇന്നലെയാണ് ഝാർഖണ്ഡിലെ പാകൂറിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആര്യസമാജം പ്രവർത്തകൻ സ്വാമി അഗ്നിവേശിനെ ബിജെപി - യുവമോർച്ച പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. ഇതിനെതിരെ പൊതുസമൂഹത്തിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം അക്രമത്തെ പിന്തുണച്ച് കൊണ്ട് ചിലർ രംഗത്തെത്തി. കൂടാതെ ഇതേ രീതിയിൽ തന്നെ സ്വാമി സന്ദീപാനന്ദ ഗിരിയെയും കൈകാര്യം ചെയ്യണമെന്നാണ് ചിലരുടെ ആഹ്വാനം.
സ്വാമി അഗ്നിവേശ് വ്യാജ സ്വാമിയും ജിഹാദി മാവോയിസ്റ്റ് കൂട്ടുകെട്ടിന്‍റെ ഏജന്‍റുമാണെന്നാണ് സുരേഷ് കൃഷ്ണ ചേർപ്പുളശ്ശേരി എന്ന വ്യക്തിയുടെ പോസ്റ്റിൽ അക്രമത്തിനെ പിന്തുണച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. ഹിന്ദു സന്യാസിയുടെ മുഖംമൂടി അണിഞ്ഞ് ഹിന്ദുത്വത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണ് സ്വാമി അഗ്നിവേശ് എന്നാണ് സുരേഷ് കൃഷ്ണ തന്‍റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. അരുദ്ധതി റോയിക്കെതിരെയും ദയാ ബായിക്കെതിരെയും ഇയാൾ തന്‍റെ പോസ്റ്റിലൂടെ വ്യക്തിഹത്യ നടത്തുന്നു. മതംമാറ്റ ഫ്രോഡ് എന്നാണ് ഇയാൾ ദയാബായിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ വന്ന കമന്‍റിലാണ് സന്ദീപാനന്ദ ഗിരിയെയും ഇതുപോലെ കൈകാര്യം ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പകുറില്‍ ആദിവാസികളുമായുള്ള ചര്‍ച്ചയ്ക്കായി അഗ്നിവേശ് എത്തിയപ്പോള്‍ ആയിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. താമസിക്കുന്ന ഹോട്ടലില്‍ നിന്നും പുറത്തു വന്ന അഗ്നിവേശിനെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബിജെപി - യുവമോർച്ച പ്രവർത്തകർ അക്രമിച്ചത്. എൺപത് വയസ്സുള്ള സ്വാമി അഗ്നിവേശിന്‍റെ തലപ്പാവ് ഊരിയെറിയുകയും വസ്ത്രങ്ങൾ വലിച്ചു കീറി നിലത്തിട്ട് ചവിട്ടി ചെരിപ്പ് കൊണ്ട് അടിക്കുകയും ചെയ്തിരുന്നു.
അഗ്നിവേശിന്‍റെ സന്ദര്‍ശനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. എന്നാൽ അദ്ദേഹത്തെ ആക്രമിച്ചത് ബിജെപി പ്രവർത്തകരല്ലെന്നാണ് ബിജെപി വക്താവ് പി. ഷാഡോ പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam