വാള്‍ഡറാമയും ഹിഗ്വിറ്റയും ചിരിക്കുന്നു... റോഡ്രിഗസ് നിങ്ങള്‍ നയിച്ചോളൂ..

By Web DeskFirst Published Jun 25, 2018, 2:05 AM IST
Highlights
  • കാര്‍ലോസ് ആന്‍സലോട്ടി കോച്ചായിരുന്ന സമയത്താണ് താരം റയലിലെത്തിയത്. അദ്ദേഹത്തിന്റെ കാലത്ത് കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും പിന്നീട് സിനദിന്‍ സിദാന്‍ കോച്ചായ ശേഷം അവസരങ്ങള്‍ കുറഞ്ഞു.

ഫുട്‌ബോള്‍ ലോകത്ത് ഇന്നേവരെ ഉത്തരം കിട്ടാത്ത ചോദ്യമാണ് റയല്‍ മാഡ്രിഡ് എന്തിന് ജയിംസ് റോഡ്രിഗസിനെ ബയേണ്‍ മ്യൂനിച്ചിന് ലോണില്‍ കൊടുത്തുവെന്നുള്ളതിന്. ബ്രസീല്‍ ലോകകപ്പിന് ശേഷം പൊന്നും വിലയ്ക്ക് റയലിലെത്തിയ താരത്തിന് മിക്ക സമയത്തും ബഞ്ചിലിരിക്കാനായിരുന്നു വിധി. കാര്‍ലോസ് ആന്‍സലോട്ടി കോച്ചായിരുന്ന സമയത്താണ് താരം റയലിലെത്തിയത്. അദ്ദേഹത്തിന്റെ കാലത്ത് കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും പിന്നീട് സിനദിന്‍ സിദാന്‍ കോച്ചായ ശേഷം അവസരങ്ങള്‍ കുറഞ്ഞു. ഇസ്‌കോയിലായിരുന്നു സിദാന്റെ വിശ്വാസം. പിന്നാലെ ബയേണിലേക്ക് രണ്ട് വര്‍ഷത്തെ കരാറില്‍ ലോണില്‍ വിട്ടു. തകര്‍ത്തു കളിച്ച രണ്ട് സീസണുകള്‍. ഇപ്പോഴിതാ റഷ്യയിലും തകര്‍പ്പന്‍ പ്രകടനം തുടരുന്നു.

ലോകകപ്പിന്റെ താരമാവുകയാണ് റോഡ്രിഗസ്. 26കാരന്റെ രണ്ടാമത്തെ ലോകകപ്പാണിത്. ബ്രസീല്‍ ലോകകപ്പിലെ ആറ് ഗോളോടെ ലോക ഫുട്‌ബോളിന്റെ ശ്രദ്ധ തന്നിലേക്ക് അടുപ്പിച്ചു. ആറ് ഗോളോടെ ഗോള്‍ഡന്‍ ബൂട്ട് നേടി എന്നതിനപ്പുറത്ത്, ഉറുഗ്വെയ്‌ക്കെതിരേ നേടിയ ഗോളാണ് കൊളംബിയക്കാരന്റെ ഭാവി തെളിയിച്ചത്. അന്ന് നേടിയത് ആറ് ഗോളും രണ്ട് അസിസ്റ്റും. റഷ്യയില്‍ ഗ്രൂപ്പ് എച്ചില്‍ പോളണ്ടിനെതിരേ മാത്രം രണ്ട് അസിസ്റ്റ്. രണ്ട് ലോകകപ്പിലുമായി ഏഴ് മത്സരങ്ങളാണ് കളിച്ചത്. അതില്‍ ആറ് ഗോളുകള്‍, നാല് അസിസ്റ്റുകള്‍. കൊളംബിയ നേടിയ അവസാന 14 ഗോളുകളില്‍ പത്തെണ്ണത്തിലും റോഡ്രിഗസിന്റെ ബുദ്ധിയും കാലുകളുമുണ്ടായിരുന്നു. 

This pass by James Rodriguez was insane! pic.twitter.com/mLKuAZdyvU

— Zuo (@TheKatsuo_)

പോളണ്ടിനെതിരേ രണ്ട് അസിസ്റ്റ്. പാസിങ്ങില്‍ 88 ശതമാനം കൃത്യത. 87 ടച്ചുകള്‍. 68 പാസുകള്‍. വിജയകരമായ രണ്ട് ടാക്കിളുകള്‍. രണ്ട് ക്ലിയറന്‍സ്. രണ്ട് ക്രോസും മൂന്ന് പ്രധാന പാസുകളും. ഗോള്‍ ലക്ഷ്യമാക്കി രണ്ട് ഷോട്ടുകള്‍. ഒരു മത്സരത്തില്‍ ഇതില്‍ കൂടുതല്‍  എന്തൊക്കെ വേണം..! 75ാം മിനിറ്റിലായിരുന്നു മത്സരത്തിലെ മനോഹരമായ ഗോള്‍. ക്വാഡ്രാഡോയുടെ ഗോള്‍. ഗോളിനേക്കാള്‍ മനോഹരം പാസ് തന്നെയായിരുന്നു. 

ഇത്തവണയും പാസിന് പിന്നില്‍ റോഡ്രിഗസ്. മധ്യവരയില്‍ നിന്ന് നിലംപറ്റെ ആര്‍ച്ച് പോലെ കൊടുത്ത പാസ് കൃത്യം ഓടിയടുത്ത ക്വാഡ്രാഡോയുടെ കാലിലേക്ക്. ഗോള്‍ കീപ്പറെ നിസഹായനാക്കി ജുവന്റസ് താരം ഗോള്‍ നേടി. ബാഴ്‌സലോണ താരം യാറി മിന നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയതും റോഡ്രിഗസ് തന്നെ. ഷോര്‍ട്ട് കോര്‍ണെറടുത്ത് പന്ത് തിരികെ വാങ്ങി റോഡ്രിഗ്‌സ് പെനാല്‍റ്റി ബോക്‌സില്‍ നില്‍ക്കുകയായിരുന്ന മിനയ്ക്ക് ചിപ്പ് ചെയ്ത് കൊടുത്തു. പന്ത് ഗോള്‍ കീപ്പറുടെ കൈകള്‍ക്കിടയിലൂടെ വലയിലേക്ക്.

James Rodriguez greatness part 2 pic.twitter.com/QQihavjFWM

— Mostafa🇳🇬🇮🇸🇭🇷 (@MostafaDaily)

റഷ്യന്‍ ലോകകപ്പില്‍ റോഡ്രിഗസിലാണ് കൊളംബിയയുടെ പ്രതീക്ഷ മുഴുവന്‍. ജപ്പാനോട് തോറ്റ ആദ്യ മത്സരത്തില്‍ റോഡ്രിഗസ് പകരക്കാരന്റെ റോളിലായിരുന്നു. പരിക്കാണ് താരത്തിന് വിനയായത്. തുടക്കം കളിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ എന്ന് വിശ്വസിക്കുന്നവരുണ്ട്. കൊളംബിയുടെ ഇതിഹാസ താരങ്ങളായ കാര്‍ലോസ് വാള്‍ഡറാമയുടേയും റെനേ ഹിഗ്വിറ്റയുടെയും മുന്നിലായിരുന്നു റോഡ്രിഗസിന്റെ മിന്നുന്ന പ്രകടനം. അവര്‍ തെളിയിച്ച വഴിയില്‍ റോഡ്രിഗസ് വിജയം കൊയ്യുമെന്ന് അവരുടെ നിഷ്‌കളങ്കമായ ചിരിയിലുണ്ടായിരുന്നു.
 

click me!